ഐഎംഎ പണിമുടക്ക്; പിന്തുണയുമായി സർക്കാർ ഡോക്ടർമാർ, നാളെ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കും
തിരുവനന്തപുരം: നാളെ നടത്താനിരിക്കുന്ന ഐ.എം.എയുടെ പണിമുടക്കിന് പിന്തുണയുമായി സർക്കാർ ഡോക്ടർമാർ. സർക്കാർ ഡോക്ടർമാർ നാളെ അവധിയെടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കും. നാളെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ ദിനമായി ആചരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗം, ലേബർ റൂം, എന്നിവ തടസ്സപ്പെടില്ല. കോഴിക്കോട് ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പ് സർക്കാർ പാലിക്കണമെന്ന് കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനാണ് മർദ്ദനമേറ്റത്. സി.ടി സ്കാൻ റിപ്പോർട്ട് വൈകിപ്പിച്ചുവെന്നാരോപിച്ചാണ് മർദ്ദനം. ആശുപത്രി കൗണ്ടറിന്‍റെ ജനൽച്ചില്ലുകളും ചെടികളുടെ പാത്രങ്ങളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തിരുന്നു.