കാർഡിയോളജിസ്റ്റിനെ മർദ്ദിച്ച സംഭവം; കോഴിക്കോട്ടെ ആശുപത്രികളിൽ തിങ്കളാഴ്ച ഡോക്ടർമാരുടെ സമരം
കോഴിക്കോട്: ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ച് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടർമാർ തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സമരം പ്രഖ്യാപിച്ചു. അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരോടും സമരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തേണ്ടത് ഈ നിയമസഭാ കാലയളവിൽ പാസാക്കണം. ഡോക്ടർമാർ ആശുപത്രികളിൽ നിരന്തരം ആക്രമിക്കപ്പെടുന്നു. ഒരു വർഷം ഇത്തരത്തിൽ 80 കേസുകൾ വരെ സംഭവിക്കുന്നുണ്ടെന്നും ഐഎംഎ പറയുന്നു.
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. സ്വകാര്യ ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ പി.കെ.അശോകനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.