ശ്രവണ സഹായ ഉപകരണങ്ങളുടെ ജിഎസ്ടി ഒഴിവാക്കാതെ സര്‍ക്കാര്‍; കുട്ടികൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം: ശ്രവണസഹായികളുടെ ജിഎസ്ടി പിൻവലിക്കാതെ സർക്കാർ. ഇത്തരം ഉപകരണങ്ങൾക്ക് 18 ശതമാനം വരെ ജിഎസ്ടിയാണ് ഈടാക്കുന്നത്. സർക്കാരിന്റെ സഹായത്തോടെ കോക്ലിയർ ഇംപ്ലാന്‍റേഷന് വിധേയരായ കുട്ടികൾ പോലും ഈ തീരുമാനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ്.
കോക്ലിയർ ഇംപ്ലാന്‍റിന്‍റെ പ്രോസസറിന് തകരാർ സംഭവിക്കുന്നു എന്നതാണ് കുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി. പുതിയ പ്രോസസർ വാങ്ങാൻ ഒരു ലക്ഷം രൂപ വേണം. ഇതിൽ 15,000 രൂപയും ജിഎസ്ടിയാണ്. 18,000 രൂപ വരെ വില വരുന്ന ബാറ്ററികൾക്ക് 2,700 രൂപ വരെ നികുതി നൽകണം. കേബിളിന് 8,000 രൂപ. നികുതി കൂടി ചേരുമ്പോൾ ഇത് 10,000 കടക്കും.
ഇതിനുപുറമെ, അപ്ഡേഷൻ ഉണ്ടാകുമ്പോഴെല്ലാം ഉപകരണങ്ങൾ മാറ്റി വാങ്ങേണ്ടി വരാറുണ്ടെന്നും കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു. ജി.എസ്.ടി ഒഴിവാക്കിയാൽ സർക്കാരിന്റെ കാരുണ്യത്തിന് കാത്തുനിൽക്കാതെ കേടായ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കാൻ കുറച്ച് പേർക്കെങ്കിലും സാധിക്കും. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.