ട്രേഡ് യൂണിയനുകളുടെ എതിർപ്പ് തള്ളി; കെഎസ്ആർടിസി ശമ്പളം നല്‍കിയത് ഗഡുക്കളായി
തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ശമ്പളം ഗഡുക്കളായി നൽകി കെ.എസ്.ആർ.ടി.സി. പകുതി ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്. രണ്ടാം ഗഡു നൽകണമെങ്കിൽ ധനവകുപ്പ് സഹായിക്കണമെന്നും മാനേജ്മെന്‍റ് അറിയിച്ചു. സർക്കാർ ധനസഹായം ലഭിച്ചാൽ മാത്രമേ ജീവനക്കാർക്ക് രണ്ടാം ഗഡു നൽകാനാകൂവെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
പ്രതിമാസ കളക്ഷനിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി പ്രതിമാസം സർക്കാർ നൽകുന്ന 50 കോടി രൂപയിൽ നിന്നാണ് ശമ്പളം നൽകുന്നത്. എല്ലാ മാസവും 12 നും 15 നും ഇടയിലാണ് ഈ തുക ലഭിക്കുന്നത്. ശരാശരി പ്രതിമാസ കളക്ഷൻ 200 കോടി രൂപയാണ്.
ഡീസൽ 104 കോടി, വായ്പ തിരിച്ചടവ് 30.18 കോടി, ടയറുകൾ, സ്പെയർ പാർട്സുകൾ എന്നിവയ്ക്കായി 10.50 കോടി, ഫാസ്ടാഗ്, ഫോൺ, ഇലക്ട്രിസിറ്റി ചാർജ് എന്നിവയ്ക്കായി 5 കോടി, ഡ്യൂട്ടി സറണ്ടർ, ഇൻസെന്‍റീവ് എന്നിവയ്ക്കായി 9 കോടി, പങ്കാളിത്ത പെൻഷൻ എൽഐസി എന്നിവയ്ക്കായി 6.35 കോടി രൂപ എന്നിങ്ങനെയാണ് ചെലവുകൾ. ബാക്കിയുള്ള 35 കോടി രൂപ ശമ്പളത്തിന്റെ 45-50 ശതമാനം വരെ നൽകാനെ തികയു.