സന്തോഷ് ട്രോഫി; 54 വര്‍ഷത്തിന് ശേഷം കിരീടത്തിൽ മുത്തമിട്ട് കർണാടക
റിയാദ്: സന്തോഷ് ട്രോഫി ഫൈനലിൽ മേഘാലയയെ 2-3ന് തകർത്ത് കർണാടക കിരീടം ചൂടി. 54 വർഷത്തിന് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി നേടുന്നത്. കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്. ആദ്യ കിരീടം പ്രതീക്ഷിച്ചിരുന്ന മേഘാലയ നിരാശരായി മടങ്ങി.
ചരിത്രത്തിലാദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കര്‍ണാടക തുടങ്ങിയത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ കർണാടക ലീഡ് പിടിച്ചു. സുനിൽകുമാറാണ് ലീഡ് നൽകിയത്. എന്നാൽ കർണാടകയുടെ ആഹ്ലാദം അധിക നേരം നീണ്ടുനിന്നില്ല. 9-ാം മിനിറ്റിൽ ബ്രോലിങ്ടണിന്റെ പെനാൽറ്റിയിലൂടെ മേഘാലയ തിരിച്ചടിച്ചു. മേഘാലയയുടെ താരം ഷീനിനെ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്.
പിന്നീട് കൂടുതൽ ശക്തിയോടെ കളിച്ച കർണാടക മേഘാലയയെ പ്രതിരോധത്തിലാക്കി. 19-ാം മിനിറ്റില്‍ ബെകെ ഓറവും 45-ാം മിനിറ്റില്‍ ഉഗ്രന്‍ ഫ്രീ കിക്കിലൂടെ റോബിന് യാദവും വലകുലുക്കിയതോടെ ആദ്യ പകുതി 3-1 ന് കര്‍ണാടക മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ മേഘാലയ മികച്ച മുന്നേറ്റങ്ങൾ നടത്തി. വൈകാതെ തന്നെ മറുപടിയും നൽകി. ശേഷം ഇരുടീമുകളും നന്നായി ആക്രമിച്ച് കളിച്ചെങ്കിലും ഗോളുകൾ സ്വന്തമാക്കാനായില്ല.