കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: മാരിയോൺ ബയോടെക്കിന്റെ ലൈസന്‍സ് റദ്ദാക്കും
ന്യൂഡൽഹി: ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർമ്മാതാക്കൾക്കെതിരെ നടപടി. നോയിഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക് നിർമ്മിച്ച കഫ് സിറപ്പായ ‘ഡോക് -1 മാക്സ്’ കഴിച്ച് 18 കുട്ടികളാണ് മരിച്ചത്.
മാരിയോൺ ബയോടെക്കിന്‍റെ ഉത്പാദന ലൈസൻസ് റദ്ദാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. കഫ് സിറപ്പിൽ എഥിലിൻ ഗ്ലൈക്കോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. ശേഖരിച്ച 36 സാമ്പിളുകളിൽ 22 എണ്ണത്തിലും വിഷാംശം കണ്ടെത്തി.
ഡോക്–1–മാക്സ് കഴിച്ച് ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന വാർത്ത പുറത്തുവന്നത്. ആരോപണങ്ങൾ പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡ്രഗ്സ് കൺട്രോളർ ജനറലിന് (ഡിസിജിഐ) നിർദ്ദേശം നൽകിയിരുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാരിയോൺ ബയോടെക്കിനോട് ഡിസിജിഐ റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടികളുടെ മരണത്തെ തുടർന്ന് രാജ്യത്തെ എല്ലാ ഫാർമസികളിൽ നിന്നും ‘ഡോക് -1 മാക്സ്’ ഗുളികയും സിറപ്പും പിൻവലിച്ചു.