ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊങ്കാല ദിവസം രാവിലെ 5 മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ ആംബുലൻസുകൾ ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. ആരോഗ്യവകുപ്പിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കുട്ടികളും പ്രായമായവരുമടക്കം പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്ക് എത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യവകുപ്പിന്‍റെ സേവനം തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേനയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്‍റ്, ആംബുലൻസ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്‍റെ സേവനം ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി രണ്ട് വീതം ശിശുരോഗവിദഗ്ദ്ധരുടെയും സ്റ്റാഫ് നഴ്സുമാരുടെയും മുഴുവൻ സമയ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ആയുഷ് വകുപ്പുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെ 8 പേരുടെ സേവനം ലഭ്യമാക്കി. പൊങ്കാലയുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യവും നേരിടാൻ നഗരപരിധിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ്, കനിവ് 108, കോർപ്പറേഷൻ, ഐ.എം.എ, സ്വകാര്യ ആശുപത്രികൾ, ഫയർഫോഴ്സ് എന്നിവയുടെ 35 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. മിക്ക ആംബുലൻസുകളിലും ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.