തൊഴിലുറപ്പ് പദ്ധതി: നിഷേധിക്കപ്പെട്ട തൊഴിൽ ദിനങ്ങളും വേതനങ്ങളും ഉടൻ ലഭ്യമാക്കണമെന്ന് ഓംബുഡ്സ്മാൻ
കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സാങ്കേതിക തടസങ്ങള്‍ മൂലം നിഷേധിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങളും വേതനവും ഉറപ്പ് വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) എറണാകുളം ജില്ലാ ഓംബുഡ്സ്മാന്‍ എം.ഡി വര്‍ഗീസ് ഉത്തരവിട്ടു.സാങ്കേതിക തടസം മൂലം വേതനവും തൊഴിലും ലഭിക്കാത്ത തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ ദിനത്തിന്റെ വേതനവും ജോലി എടുത്ത ദിവസങ്ങളുടെ വേതനവും മാര്‍ച്ച് 2 മുതല്‍ 14 ദിവസത്തിനകം നല്‍കണം. ഇത്തരം സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാനും സമാന്തര സംവിധാനം ഏര്‍പ്പെടുത്താനും സംസ്ഥാന മിഷന്‍ ഡയറക്ടര്‍ അടക്കമുളള അധികാരികള്‍ ശ്രദ്ധിക്കണമെന്നും ഉത്തരവ് നടപ്പിലാക്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് ഓംബുഡ്സ്മാന്റെ ഓഫീസില്‍ എത്തിക്കണമെന്നും നിര്‍ദേശിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ആധാര്‍ അധിഷ്ഠിത വേതന വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ചാണ് ഉത്തരവ്. 2023 ഫെബ്രുവരി 1 മുതല്‍ ആധാര്‍ അധിഷ്ഠിതമായി മാത്രമേ വേതനം നല്‍കാവൂ എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്‍പിസിഐ (നാഷണല്‍ പെയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) മാപ്പിംഗും ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫറിനുള്ള എബിപിഎസ് (ആധാര്‍ പെയ്മെന്റ്സ് ബ്രിഡ്ജ് സിസ്റ്റം) സംവിധാനവും നടപ്പാക്കാന്‍ സാധിക്കാത്തത് മൂലം ജില്ലയില്‍ 2429 തൊഴിലാളികളുടെ വേതനമാണ് മുടങ്ങിയിരിക്കുന്നതെന്ന് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അറിയിച്ചു.
ആധാര്‍ നമ്പറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നില്ല. ആധാര്‍ അപ്ഡേഷനിലെ തടസം കാരണം വേതനം ലഭിക്കാത്തവര്‍ക്ക് പുറമെ മസ്റ്റര്‍ റോളിലെ മറ്റ് തൊഴിലാളികള്‍ക്കും വേതനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തൊഴിലാളികളില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നും ബ്ലോക്കുകളില്‍ നിന്നും പരാതികള്‍ ലഭിച്ചു. ഈ സാഹചര്യത്തിലാണ് പരാതികള്‍ സ്വമേധയാ കേസാക്കി കണക്കാക്കി ഓംബുഡ്സമാന്‍ തീര്‍പ്പ് കല്‍പ്പിച്ചത്.