സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്ന് മന്ത്രി വി. ശിവൻ കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നല്‍കാന്‍ കഴിയുകയുള്ളുവെന്നു മന്ത്രി വി.ശിവന്‍കുട്ടി.എയ്ഡഡ് സ്കൂളുകളില്‍ 2018 നവംബര്‍ 18 നു ശേഷമുള്ള ഒഴിവുകളില്‍ നിയമിതരായ ജീവനക്കാരില്‍ നിലവില്‍ അംഗീകരിക്കപ്പെടാതെ തുടരുന്നവരുടെ നിയമനാംഗീകാരം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ-മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഭിന്നശേഷി സംവരണം പാലിക്കണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റു ജീവനക്കാരുടെ നിയമന അംഗീകാരവും പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി. വി.ആര്‍. സുനില്‍കുമാറിന്‍റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പു തന്നെ നിയമനാംഗീകാര വിഷയത്തില്‍ കോടതി വിധിയുണ്ടാകുമെന്നാണു കരുതുന്നത്. 2019-2020 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം തന്നെ 2020-21, 2021-22 വര്‍ഷങ്ങളിലും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കോവിഡ് മൂലം സ്കൂളുകള്‍ റഗുലറായി തുറക്കാന്‍ കഴിയാത്തതിനാല്‍ 2020-21 അധ്യയന വര്‍ഷം പുതിയ നിയമനങ്ങള്‍ നടന്നിരുന്നില്ല. 2021 ജൂലൈ 15 മുതല്‍ നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എയ്ഡഡ് നിയമനങ്ങള്‍ അംഗീകരിക്കാന്‍ നല്‍കിയ നിര്‍ദേശം, ഭിന്നശേഷി സംവരണം പാലിക്കണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2022 ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
ഭിന്നശേഷി സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ പ്രകാരം സംവരണം പാലിക്കേണ്ടതാണെന്ന നിര്‍ദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 1996 ഫെബ്രുവരി മുതല്‍ 2017 ഏപ്രില്‍ 18വരെ മൂന്നു ശതമാനവും 2017 ഏപ്രില്‍ 19 മുതല്‍ നാലു ശതമാനവും സംവരണം പാലിക്കുന്ന ക്രമത്തില്‍ റോസ്റ്റര്‍ തയാറാക്കി അര്‍ഹരായ ഭിന്നശേഷിക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ഉത്തരവിനെതിരെ നിരവധി അപ്പീലുകള്‍ ഫയല്‍ ചെയ്തത് നിലവില്‍ ഹൈക്കോടതി പരിഗണനയിലാണ്. ഇതു സംബന്ധിച്ച കോടതി നിര്‍ദേശങ്ങളുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനും നിയമന അംഗീകാരം നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതായും മന്ത്രി വ്യക്തമാക്കി.