ലൈഫ് മിഷനിൽ മുഖ്യമന്ത്രി നടത്തിയത് ഗുരുതര ചട്ടലംഘനം, തെളിവുകൾ സുപ്രീം കോടതിയിൽ ഹാജരാക്കുമെന്ന് മുൻ എം.എൽ.എ അനിൽ അക്കര
തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ എം.എല്‍എ അനില്‍ അക്കര.അഴിമതിയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അനില്‍ അക്കര പറഞ്ഞു. തദ്ദേശവകുപ്പ് മന്ത്രിക്ക് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് 2020 ആഗസ്‌റ്റ് 20ന് തയ്യാറാക്കി നല്‍കി റിപ്പോര്‍ട്ട് അദ്ദേഹം പുറത്തുവിട്ടു.
ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്, മുന്‍ മന്ത്രി എ സി മൊയ്‌തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്.യോഗത്തില്‍ കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനില്‍ അക്കര ആരോപിച്ചു.
റിപ്പോര്‍ട്ടിലെ നാലാമത്തെ പേജില്‍, 2019 ജൂലായ് മാസം 11ാം തീയതി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലെ തീരുമാനമനുസരിച്ചാണ് ലൈഫ് മിഷന്‍ സി.ഇ.ഒ ധാരണാപത്രം ഒപ്പിട്ടതെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇതില്‍ ഒരു സ്ഥലത്തും വടക്കാഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫ്ളാറ്റ് പണിയുന്നതെന്ന് പറയുന്നില്ല.
ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.ഒരു വിദേശ ഭരണാധികാരിയും മുഖ്യമന്ത്രിയും ചേര്‍ന്നാണ് വടക്കാഞ്ചേരി നഗരസഭയില്‍ യൂണിടാക്കിനെ ചുമതലപ്പെടുത്താന്‍ തീരുമാനമെടുത്തത്. യുഎഇ കോണ്‍സുലേറ്റുമായി ചേര്‍ന്നെടുത്ത ഈ തീരുമാനം പൂര്‍ണമായും എഫ് സി ആര്‍ എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ചട്ടങ്ങളുടെ ലംഘനമാണ്. മുഖ്യമന്ത്രിക്കോ, വിദേശ രാജ്യങ്ങളിലെ ഏജന്‍സികള്‍ക്കോ ഇത്തരത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരമില്ല. ഈ യോഗം ചേര്‍ന്നത് ക്ളിഫ് ഹൗസിലാണെന്നുള്ളത് സ്വപ്‌നസുരേഷ് ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. അതിന്റെ ചാറ്റാണ് പുറത്തുവന്നത്.ഗൂഢാലോചനയുടെ തുടക്കം ക്ളിഫ് ഹൗസില്‍ നിന്നായിരുന്നു.
സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. എല്ലാ നുണയും പൊളിക്കാനുള്ള തെളിവുകള്‍ കൈയിലുണ്ട്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ കൈമാറില്ല. സുപ്രീം കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് അനില്‍ അക്കര അറിയിച്ചു.