ഏഷ്യാനെറ്റ് ഓഫീസിൽ എസ്.എഫ്.ഐ പ്രതിഷേധം; പ്രവർത്തകർക്കെതിരെ കേസെടുത്തു
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവർത്തകർ. വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുപ്പതോളം പ്രവർത്തകർ ഏഷ്യാനെറ്റിന്‍റെ പാലാരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറി ചാനലിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്നു.
ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ അസഭ്യ ബാനറുകൾ കെട്ടി പ്രതിഷേധിക്കുകയും ചെയ്തു.
അക്രമത്തിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശനിയാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രാവിലെ 11 മണിക്ക് കേസരി മന്ദിരത്തിന് മുന്നിൽ മാർച്ച് ആരംഭിക്കും.
വാർത്തയോട് വിയോജിപ്പോ എതിർപ്പോ ഉണ്ടായപ്പോൾ മുൻകാലങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഒരു മാധ്യമ സ്ഥാപനത്തിന്‍റെ ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. ജനാധിപത്യ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഇത് സ്വീകാര്യമല്ലെന്നും കേരള പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി.