ഇൻഡിഗോയുമായി സഹകരിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു: ഇ.പി.ജയരാജൻ
തിരുവനന്തപുരം: ഇൻഡിഗോയുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കമ്പനിയുമായി സഹകരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇ.പി ആവശ്യപ്പെട്ടതായാണ് വിവരം.
ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇ.പി വിമാനത്തിലെ യാത്ര ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി തള്ളി മാറ്റിയിരുന്നു. സംഭവം വിവാദമായതോടെ ഇ.പിക്ക് ഇൻഡിഗോ വിമാന യാത്രക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ നവീൻ കുമാർ, പി.പി ഫർസീൻ മജീദ് എന്നിവർക്കും രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. യാത്രക്കാരെ കയ്യേറ്റം ചെയ്തത് കൂടുതൽ ഗുരുതരമായ കുറ്റമായതിനാലാണ് ജയരാജന് വിലക്ക് ഏർപ്പെടുത്തിയത്.