ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് ജില്ലകളിൽ പരിശോധന നടക്കുന്നത്. ഇതുകൂടാതെ സംസ്ഥാന ടാസ്ക് ഫോഴ്സും പരിശോധന നടത്തും. റോഡരികിലെ ചെറിയ കടകൾ മുതൽ എല്ലാ കടകളിലും പരിശോധന നടത്തും. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകളും തുടരും. ഫുഡ് സേഫ്റ്റി ലാബുകൾക്കൊപ്പം മൊബൈൽ ലാബ് സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കടകളിൽ ശുദ്ധജലം മാത്രം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ് ഏറ്റവും അപകടകരമായ കാര്യം. മലിന ജലത്തിൽ നിന്ന് നിർമ്മിച്ച ഐസ് പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ, ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് നിർമ്മിക്കാവൂ. വേനൽക്കാലത്ത് ഭക്ഷ്യവസ്തുക്കൾ വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കൾ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്സലിൽ തിയതി രേഖപ്പെടുത്തിയ സ്റ്റിക്കറും ഉണ്ടായിരിക്കണം. നിശ്ചിത സമയത്തിനപ്പുറം ഭക്ഷണം കഴിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
വേനൽക്കാലമായതിനാൽ, നിർജ്ജലീകരണം ഒഴിവാക്കാൻ ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.