കോൺഗ്രസിൽ ‘യൂസ് ആന്റ് ത്രോ’ സംസ്കാരം; വിമർശനവുമായി എം കെ രാഘവൻ
കോഴിക്കോട്: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം കെ രാഘവൻ എം പി. കോൺഗ്രസിൽ ഇപ്പോൾ യൂസ് ആന്റ് ത്രോ സംസ്കാരമെന്നും ഈ രീതി മാറണമെന്നും രാഘവൻ പറഞ്ഞു. അഡ്വ.പി.ശങ്കരൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ.രാഘവൻ. ഇന്ന് വിമർശനങ്ങളോ വിയോജിപ്പുകളോ ഇല്ലാത്ത വിധത്തിൽ സംഘടന മാറിയിട്ടുണ്ടോ എന്ന് സംശയമാണ്. പുകഴ്ത്തൽ മാത്രമായി പാർട്ടിയിൽ എന്ന് ഭയപ്പെടുന്നു. സ്വന്തം ആളുകളുടെ പട്ടിക തയ്യാറാക്കുന്നതിനപ്പുറം അർഹരായ ആളുകളെ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടിയുടെ ഗതി എന്തായിരിക്കും. രാജാവ് നഗ്നനാണെന്ന് പറയാൻ ഇന്ന് ആരും തയ്യാറല്ല. സ്ഥാനം നഷ്ടപ്പെടുന്നതിന്‍റെ പേരിൽ ആരും ഒന്നും പറയില്ല. ലീഗിൽ അടക്കം ഉൾപ്പാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചതായും എം കെ രാഘവൻ പറഞ്ഞു.
കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പട്ടിക ഒരുമിച്ച് പ്രഖ്യാപിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അങ്ങനെയല്ല. കെ.പി.സി.സി പട്ടിക ഇതുവരെ വന്നിട്ടില്ല. എവിടെ ആണ് പാർട്ടിയെ തിരിച്ച് പിടിക്കേണ്ടത് എന്ന് നേതൃത്വം ചിന്തിക്കണം. കോൺഗ്രസിൽ പരസ്യമായി അഭിപ്രായം പറയാൻ മടിക്കാത്ത വ്യക്തിത്വമാണ് വി എം സുധീരൻ. പാർട്ടിയുടെ ഗുണപരമായ മാറ്റത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് അദ്ദേഹം. സംഘടനയുടെ ക്രിയാത്മക വളർച്ചയ്ക്ക് സുധീരന്‍റെ അഭിപ്രായം ആവശ്യമാണ്. ധാർമ്മികത ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് അദ്ദേഹം. വി എം സുധീരനെപ്പോലുള്ളവർ ഇപ്പോഴും പാർട്ടിയുടെ മാനുഷിക മുഖമാണ്. അദ്ദേഹമടക്കമുള്ളവർ മുന്നോട്ടുവരണം. നിലപാടുള്ളവർ മാത്രമാണ് ധാർമികത പുലർത്തുന്നത്. നൈതികതയും മൂല്യവുമുണ്ടെങ്കിൽ മാത്രമേ നിലപാടെടുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.