തൊഴിലുറപ്പ് പദ്ധതിയിൽ വെള്ളം ചേർക്കാൻ കേന്ദ്ര സർക്കാർ ശ്രമമെന്ന് മന്ത്രി എം. ബി രാജേഷ്
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മന്ത്രി എം.ബി രാജേഷ്.കേന്ദ്രം പദ്ധതിയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്ന് പദ്ധതിയെ അട്ടിമറിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പദ്ധതിക്ക് വേണ്ടിവരുന്ന ചിലവിന്റെ വലിയൊരു ഭാഗം ഇനി സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് താന്‍ ഇക്കാര്യം അറിഞ്ഞത്. ഇത്തരത്തില്‍ പുതിയ ഓരോ വ്യവസ്ഥകള്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ അട്ടിമറിക്കുകയാണെന്നും പദ്ധതിയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും സംസ്ഥാനം പ്രതിരോധിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.
പദ്ധതിയെ കാര്യക്ഷമമായി നിലനിര്‍ത്താന്‍ കേരളം സ്വീകരിക്കുന്ന നടപടികളും മന്ത്രി എടുത്തുപറഞ്ഞു. 20 പ്രവൃത്തിദിവസമെന്ന കേന്ദ്രനിര്‍ദ്ദേശം 50 ആക്കി വര്‍ധിപ്പിച്ചത് കേരളമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണെന്നും, പദ്ധതി കാര്യക്ഷമമായി മുന്നോട്ടുപോകുന്നത് കേരളത്തില്‍ മാത്രമാണെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ തന്നെ അംഗീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു