തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത; വിശാല പ്രതിപക്ഷ ആശയത്തിന് തിരിച്ചടി
കൊൽക്കത്ത: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കെതിരെ മഹാസഖ്യത്തിനില്ലെന്ന മമതയുടെ നിലപാട് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
തൃണമൂൽ കോൺഗ്രസ് ജനങ്ങളുമായാണ് സഖ്യമുണ്ടാക്കുകയെന്ന് മമത പറഞ്ഞു. “ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ടി.എം.സിക്ക് വോട്ട് ചെയ്യും. കോൺഗ്രസിനും സി.പി.എമ്മിനും വോട്ട് ചെയ്യുന്നവർ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ബിജെപിയും കോൺഗ്രസും സിപിഎമ്മും തമ്മിൽ പരസ്പര സഹായക ബന്ധമാണുള്ളത്” എന്നും മമത പറഞ്ഞു.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല പ്രതിപക്ഷം എന്ന ആശയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മമതയുടെ പ്രഖ്യാപനം. നിലവിൽ തൃണമൂൽ കോൺഗ്രസിന് ലോക്സഭയിൽ 23 എംപിമാരുണ്ട്. കോൺഗ്രസ് (52), ഡിഎംകെ (24) എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ വലിയ പ്രതിപക്ഷ പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്.