വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീർപ്പാക്കാൻ കൂടുതല്‍ വിജിലന്‍സ് കോടതികള്‍
തിരുവനന്തപുരം: വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കാൻ നടപടി സ്വീകരിക്കും. വിജിലൻസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വിജിലൻസ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഫോറൻസിക് ലാബിന്റെ ഹെഡ് ഓഫീസിലും സോണൽ ഓഫീസുകളിലും ലഭ്യമായ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് മാത്രമായി സൈബർ ഫോറൻസിക് ഡോക്യുമെന്റ് ഡിവിഷൻ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
ഇന്റേണൽ വിജിലൻസ് ഓഫീസർമാർ ഓരോ മൂന്ന് മാസം കൂടുമ്പോഴും വിജിലൻസ് ഡയറക്ടർക്ക് പ്രവർത്തന അവലോകന റിപ്പോർട്ട് നൽകണം. മൂന്ന് മാസത്തിലൊരിക്കൽ വിജിലൻസ് ഡയറക്ടറേറ്റിൽ ഇവരുടെ വിശകലന യോഗം ചേരും. വിവിധ വകുപ്പുകളിലെ ഇന്റേണൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു.
ആഭ്യന്തര വിജിലൻസ് സെല്ലിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണ റിപ്പോർട്ട് വാങ്ങും. കേസിനും അന്വേഷണത്തിനും സമയ പരിധി ഏർപ്പെടുത്തും. കേസ് അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമായാൽ ഡയറക്ടറുടെ അനുമതി തേടണം. കോടതി വെറുതെ വിടുന്ന കേസുകളിൽ സമയബന്ധിതമായി അപ്പീൽ ഫയൽ ചെയ്യണം. ഹൈക്കോടതിയിൽ വിജിലൻസ് കാര്യങ്ങൾ നോക്കുന്നതായി ലെയ്സണ്‍ ഓഫീസറെ നിയമിക്കും. പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിക്കുന്നതിന് മുമ്പ് പരീക്ഷ നടത്തും. തിരഞ്ഞെടുത്തവർക്ക് പരിശീലനം നൽകും. നിയമിക്കുന്ന ഉദ്യോഗസ്ഥരെ കുറഞ്ഞത് 3 വർഷമെങ്കിലും തുടരാൻ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.