ഹിൻഡൻബർഗ് റിപ്പോർട്ട്; അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു
ദില്ലി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മുൻ ജഡ്ജി അഭയ് മനോഹർ സപ്രെ, ഒ പി ഭട്ട്, ജസ്റ്റിസ് ദേവധർ, കെ വി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങുന്നതാണ് സമിതി. രണ്ട് മാസത്തിനകം സെബി അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. ഈ റിപ്പോർട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം.
ഹിൻഡൻബർഗ് വിവാദത്തിലെ ഹർജികളിലാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നിക്ഷേപകരെ സംരക്ഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രവും സെബിയും വ്യക്തമാക്കിയിരുന്നു. എന്നാൽ സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയ പേരുകൾ സുപ്രീം കോടതി നിരസിച്ചിരുന്നു. അഭിഭാഷകരായ എം എൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ താക്കൂർ സമർപ്പിച്ച ഹർജിയും കോടതി പരിഗണിച്ചിരുന്നു.