ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ദില്ലി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സുമായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ സ്റ്റാക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ബിൽ ഗേറ്റ്സ് തന്റെ ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന പുസ്തകം രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചു.
ശതകോടീശ്വരനും മനുഷ്യസ്നേഹിയുമായ ബിൽ ഗേറ്റ്സ് ബുധനാഴ്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പ്രശ്നം പരിഹരിക്കാൻ ശാസ്ത്രീയ കണ്ടെത്തലുകൾ നടത്തണമെന്നും ഇന്ത്യ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. കോവിഡ് -19 മഹാമാരിക്ക് ശേഷമുള്ള ആദ്യ ഇന്ത്യൻ പര്യടനത്തിലാണ് ബിൽ ഗേറ്റ്സ്. ശതകോടീശ്വരനും മനുഷ്യസ്നേഹിയുമായ ബിൽ ഗേറ്റ്സ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സാരഥി കൂടിയാണ്.