ഗ്രീസിലെ ട്രെയിനപകടം; ഉത്തരവാദിത്തമേറ്റെടുത്ത് ഗതാഗത മന്ത്രി രാജി വച്ചു
ഏഥൻസ്: ലാരിസ നഗരത്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീസ് ഭരണകൂടം. നാടിനെ നടുക്കിയ അപകടത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പറഞ്ഞ് ഗതാഗതമന്ത്രി രാജിവച്ചു. ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസാണ് രാജിവെച്ചത്. ഗ്രീസിൽ വലിയ അപകടം സംഭവിക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു രാജി.
ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇതുവരെ 36 പേർ മരിച്ചതായി സർക്കാർ അറിയിച്ചു. എന്നാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ല. സംഭവത്തിൽ ലാരിസ സ്റ്റേഷൻ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.