ജില്ലയിലെ പ്രധാന അയ്യപ്പ ക്ഷേത്രമായ കട്ടപ്പന ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ മഹോത്സവം മാർച്ച് 2 മുതൽ
ജില്ലയിലെ പ്രധാന അയ്യപ്പ ക്ഷേത്രമായ കട്ടപ്പന ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ മഹോത്സവം 2/3/23 മുതൽ 9 വരെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ സന്തോഷ് ചാളനാട്ട്, പി.ഡി.ബിനു, സാബു അറയ്ക്കൽ, സജീന്ദ്രൻ പൂവാങ്കൽ, മനോജ് പതാലിൽ, തങ്കച്ചൻ പുളിക്കത്തടം, മഹേഷ്‌കുമാർ ചെമ്പകശേരി എന്നിവർ പറഞ്ഞു.
ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രം തന്ത്രി എം.എൻ.ഗോപാലൻ തന്ത്രി കൊടിയേറ്റുന്നതോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വലിയകണ്ടം കുന്തളംപാറ കരയുടെ മെഗാനൈറ്റും നടക്കും. 3ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ നടക്കും. വൈകിട്ട് 7ന് കൈകൊട്ടിക്കളിയും തുടർന്ന് മുദ്രാ നാട്യഗൃഹം അവതരിപ്പിക്കുന്ന നൃത്തശിൽപവും അരങ്ങേറും. 4ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്കുശേഷം നീരാഞ്ജന സമർപണം. വൈകിട്ട് 5ന് ആദിപരാശക്തിയായ ത്രിപുര സുന്ദരി ദേവിയെ 9 ആവരണങ്ങളായി പ്രപഞ്ച ചൈതന്യത്തെ ആരാധിക്കുന്ന ചക്രപൂജ നടക്കും.
5ന് രാവിലെ പതിവ് പൂജകൾക്കുശേഷം 9ന് ആയില്യപൂജ. തുടർന്ന് ഉത്സവത്തോട് അനുബന്ധിച്ചു നടക്കുന്ന പ്രധാന ക്ഷേത്ര ചടങ്ങായ ഉത്സവ ബലി ആരംഭിക്കും. 12ന് ഉത്സവബലി ദർശനവും തുടർന്ന് അന്നദാനവും നടക്കും. വൈകിട്ട് 7ന് മേഘന സുമേഷ് നയിക്കുന്ന കോട്ടയം മെഗാ ബീറ്റ്‌സിന്റെ ഗാനമേള.
6ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്കുശേഷം 9 മുതൽ ഭദ്രകാളിയമ്മയ്ക്ക് മകം തൊഴൽ. വൈകിട്ട് 7ന് ശ്രീവിനായക സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തസന്ധ്യ.
7ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കുശേഷം 8.30ന് പൗർണമി പൊങ്കാല, വൈകിട്ട് 6ന് കലവറ നിറയ്ക്കൽ, ആറാട്ട് സദ്യയ്ക്കുള്ള വിഭവ സമർപണവും സമർപണ ഘോഷയാത്രയും.
8ന് രാവിലെ 9ന് പ്രതിഷ്ഠാദിന കലശാഭിഷേകം. വൈകിട്ട് 7ന് കുന്തളംപാറ, പാറക്കടവ്, വലിയകണ്ട വെള്ളയാംകുടി, വള്ളക്കടവ് നരിയമ്പാറ, അമ്പലക്കവല മേട്ടുക്കുഴി എന്നീ കരകളിൽ നിന്നാരംഭിച്ച് ഇടുക്കിക്കവല ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ എത്തിയശേഷം മഹാഘോഷയാത്ര. 7ന് വിഷ്ണു ശ്രീലകത്തിന്റെ പ്രഭാഷണം. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തുമ്പോൾ 500 കലാകാരൻമാർ അണിനിരക്കുന്ന പൂരക്കാഴ്ച. തുടർന്ന് പള്ളിവേട്ട.
9ന് വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്, ആറാട്ട്, ആറാട്ട് ഘോഷയാത്ര. 7ന് ശ്രീഭൂതബലി, കൊടിയിറക്ക്, ആറാട്ട് സദ്യ, വലിയകണ്ടം വെള്ളയാംകുടി കര അവതരിപ്പിക്കുന്ന മെഗാ തിരുവാതിര.