വിദ്യാർഥി കണ്സെഷൻ; പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ വിഷയത്തിൽ കെ.എസ്.യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പരസ്യ പ്രതിഷേധം ശക്തമാക്കി. 25 വയസിന് മുകളിലുള്ളവർക്ക് ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. ഇളവ് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഔദാര്യമല്ലെന്നും സാമ്പത്തികാടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തരംതിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും അലോഷ്യസ് പറഞ്ഞു. വിദ്യാർത്ഥികളുടെ കൺസെഷൻ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ കെ.എസ്.ആർ.ടി.സി മേധാവിയുടെ ഓഫീസ് ഉപരോധിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറിയ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർന്നു. എട്ട് കെ.എസ്.യു പ്രവർത്തകരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും പരിശോധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ മലപ്പുറത്ത് പുരോഗമിക്കുന്നതിനിടെ തിരൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെ.എസ്.ആർ.ടി.സി വിദ്യാർത്ഥി കൺസെഷൻ ഇളവ് സംബന്ധിച്ച നിയന്ത്രണം പാർട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.