ഷോപ്പിങ് കോംപ്ലക്സ് നിർമാണ പൂർത്തികരണത്തിന് 30 ലക്ഷം രൂപ; വികസന ക്ഷേമ പ്രവർത്തനത്തിലൂന്നി ജില്ലാ പഞ്ചായത്ത് ബജറ്റ്
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2023-24
സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവതരിപ്പിച്ചു. ബഡ്ജറ്റിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു പ്രകാശനം ചെയ്തു.
വാർഷിക പദ്ധതിയിൽ ബഡ്ജറ്റ് അലോക്കേഷനായി ലഭിച്ചിരിക്കുന്ന തുകയും, തനത് ഫണ്ടും വായ്പയും ഉൾപ്പെടെയുള്ള ഫണ്ടുകൾ ചേർത്ത് പരമാവധി മേഖലകളെ ആവരണം ചെയ്ത് സമഗ്ര വികസനത്തിനായാണ് ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസന വിഭാഗത്തിന്റെ വിവിധ വാടക ഇനത്തിലുള്ള വരവും ജില്ലാ പഞ്ചായത്ത് ഭൂമി വിവിധ ആവശ്യങ്ങൾക്കായി വിട്ട് നല്കുമ്പോൾ ലഭിക്കാവുന്ന വരവും മുൻവർഷത്തെ നീക്കിയിരിപ്പും ഉൾപ്പെടുത്തി 9919751/- രൂപ വരവും 9369500/- രൂപ ചെലവും 445179/- രൂപ നീക്കി ബാക്കിയും ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇടുക്കി ബസ് സ്റ്റാന്റിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി 30 ലക്ഷം രൂപയും സ്ഥലത്തിന്റെ സ്കെച്ച് തയ്യാറാക്കുന്നതിനായി 10 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്.
നെൽക്കർഷകർക്ക് സബ്സിഡി നൽകുന്നതിനായി 25 ലക്ഷവും മണ്ണ് ജലസംരക്ഷണത്തിന് ഒരു കോടി രൂപയും ജലസേചനത്തിന് ഒരുകോടി രൂപയും കൃഷി അനുബന്ധ സൗകര്യങ്ങൾക്ക് ഒരു കോടി 60 ലക്ഷം രൂപയും വകയിരുത്തി.
ക്ഷീര കർഷകർക്ക് സബ്സിഡി നൽകുന്നതിന് 3 കോടി രൂപയും രോഗനിയന്ത്രണത്തിനും ജില്ലാ വെറ്റിനറി ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിനുമായി 10 ലക്ഷം രൂപയും റാബിസ് ഫ്രീ ഇടുക്കി പദ്ധതിയ്ക്കായി 40 ലക്ഷം രൂപയും വകയിരുത്തി. ജില്ലാ ആശുപത്രികളിൽ സോളാർ പദ്ധതിക്കായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
എസ് എസ് എയ്ക്ക് 15 ലക്ഷം രൂപയും സ്കൂൾ കെട്ടിടങ്ങളുടെ മെയിന്റനൻസിന് 4 കോടി രൂപയും ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് 10 ലക്ഷം രൂപയും ജില്ലാതല കലാകായികമേളകൾക്കായി 10 ലക്ഷം രൂപയും കിക്ക് ഓഫ് ടു സ്പോർട്സ് പദ്ധതിയ്ക്കും സ്പോർട്സ് ഉപകരണങ്ങൾക്കുമായി 20 ലക്ഷം രൂപയും സർക്കാർ സ്കൂളുകളിൽ പെൺകുട്ടികൾക്ക് ഫിറ്റ്നസ് സെന്റർ നിർമ്മിക്കുന്നതിനായി 20 ലക്ഷം രൂപയും എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് സായാഹ്ന ക്ലാസിനായി 15 ലക്ഷം രൂപയും സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് റിഫ്രഷ്മെന്റ് ചാർജിനായി 20 ലക്ഷം രൂപയും സ്കൂളുകൾക്കു മുമ്പിൽ ബോർഡ് സ്ഥാപിക്കലിനായി 10 ലക്ഷം രൂപയും അക്കാദമിക് എക്സലൻസിനായി 30 ലക്ഷം രൂപയും നീക്കി വെച്ചു.
വിവിധ ജില്ലാ ആശുപത്രികൾക്ക് മരുന്ന് വാങ്ങുന്നതിനായി ഒരുകോടി രൂപയും വിവിധ ജില്ലാ ആശുപത്രികളുടെ അറ്റകുറ്റപ്പണിക്കായി 50 ലക്ഷം രൂപയും ആയുരാരോഗ്യം, വൃദ്ധജനങ്ങൾക്ക് ആയുർവേദ പരിചരണം എന്നിവയ്ക്കായി 10 ലക്ഷം രൂപയും വൃദ്ധ ക്ഷേമപ്രവർത്തനത്തിനായി 45 ലക്ഷം രൂപയും സ്നേഹമന്ദിരം പകൽവീട് പൂർത്തീകരണത്തിനായി 25 ലക്ഷം രൂപയും വകയിരുത്തി.
അതിദാരിദ്രരെ കണ്ടെത്തി സഹായിക്കുന്നതിനുള്ള പദ്ധതിക്കായി 10 ലക്ഷം രൂപയും സാമൂഹ്യ സുരക്ഷാ മിഷൻ വിഹിതത്തിനായി 5 ലക്ഷം രൂപയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ് നൽകുന്നതിനായി 40 ലക്ഷം രൂപയും സഫലമിയാത്ര, ഇലക്ട്രിക് വീൽ ചെയർ എന്നിവയ്ക്കായി 60 ലക്ഷം രൂപയും സമ്പൂർണ്ണ കേൾവി പദ്ധതിക്കായി 10 ലക്ഷം രൂപയും എച്ച്ഐവി ബാധിതർക്ക് പോഷകാഹാരം നൽകുന്നതിനായി 20 ലക്ഷം രൂപയും മുതിർന്ന പൗരന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 70 ലക്ഷം രൂപയും വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുന്നതിനായി ഒരുകോടി രൂപയും കീമോതെറാപ്പി മരുന്നിനായി 20 ലക്ഷം രൂപയും സമഗ്ര പാലിയേറ്റീവ് ട്രെയിനിങ് സെന്ററിനായി പത്തുലക്ഷം രൂപയും ടിബി പേഷ്യന്റ്സ് പോഷകാഹാരത്തിനായി 15 ലക്ഷം രൂപയും നീക്കിവച്ചു.
അരിക്കുഴ ഫാം ടൂറിസം ഫാമിനായി 50 ലക്ഷം രൂപയും സ്ത്രീ സുരക്ഷയ്ക്ക് നാപ്കിൻ വിതരണത്തിനുമായി 25 ലക്ഷം രൂപയും മാതൃവന്ദനം പദ്ധതിക്കായി 25 ലക്ഷം രൂപയും നീക്കിവച്ചു.
പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഉന്നത പഠന ധനസഹായത്തിനായി 15 ലക്ഷം രൂപയും ബെറ്റർ എഡ്യൂക്കേഷനായി 47 ലക്ഷം രൂപയും പട്ടികജാതി പട്ടികവർഗ്ഗ കോളനികളിലെ കുടിവെള്ള പദ്ധതികൾ പുനരുദ്ധരിക്കുന്നതിനായി ഒരു കോടി രൂപയും കോളനികളിൽ വിദ്യാഭ്യാസ സഹായത്തിനായി 10 ലക്ഷം രൂപയും മൊബൈൽ ആയുർവേദ ക്ലിനിക്കിന് 25 ലക്ഷം രൂപയും വകയിരുത്തി.
ജീവനക്കാര്യത്തിന് 2,82,35,000 രൂപയും ഭരണപരമായ ചെലവുകൾക്ക് 26,60,000 രൂപയും വിവിധ നടത്തിപ്പുകളും സംരക്ഷണ ചെലവുകൾക്കുമായി 36,65,000 രൂപയും പദ്ധതി മോണിറ്ററിങ്ങിന് 7 ലക്ഷം രൂപയും വിട്ടു കിട്ടിയ സ്ഥാപനങ്ങൾക്ക് ദൈനംദിന ചിലവുകൾക്കായി ഒരുകോടി രൂപയും ഐ കെ എമ്മിന് ഏഴു ലക്ഷം രൂപയും വകയിരുത്തി.
റോഡിന് 5 കോടി 95 ലക്ഷം രൂപയും റോഡ് പുനരുദ്ധാരണ പദ്ധതികൾക്കായി 6 കോടി 49 ലക്ഷം രൂപയും കലുങ്ക് പാലം മറ്റ് അനുബന്ധ നിർമ്മിതികൾക്കായി അഞ്ചു കോടി രൂപയും നടപ്പാതകൾക്കായി ഒരു കോടി രൂപയും ചെറുതോണി ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ ഓഡിറ്റോറിയം നിർമാണത്തിനായി 30 ലക്ഷം രൂപയും കുടിവെള്ള പദ്ധതികൾക്കും നിലവിലുള്ള വീട് നവീകരണത്തിനും 3 കോടി 15 ലക്ഷം രൂപയും ശുചിത്വം മാലിന്യ സംസ്കരണത്തിനായി 3കോടി 15 ലക്ഷം രൂപയും പാർപ്പിട പദ്ധതിക്കായി 10 കോടി രൂപയും നീക്കിവച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാർ, ചെയർപേഴ്സൺമാർ , ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
1. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ബഡ്ജറ്റ് അവതരിപ്പിക്കുന്നു.