വേട്ടക്കാർ തന്നെ വേട്ടക്കാരനെ വിഴുങ്ങും; പുടിന് മുന്നറിയിപ്പുമായി സെലെൻസ്കി
കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ അദ്ദേഹത്തിന്റെ വിശ്വസ്തർ തന്നെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ഇയർ’ എന്ന ഡോക്യുമെന്ററിയിലാണ് പരാമർശം.
പുടിന്റെ നേതൃത്വം ഉടൻ ദുർബലമാകാൻ തുടങ്ങുമെന്നും വിശ്വസ്തർ തന്നെ അദ്ദേഹത്തിനെതിരെ നീക്കങ്ങൾ നടത്തുമെന്നും സെലെൻസ്കി അവകാശപ്പെട്ടു. പുടിൻ ഭരണകൂടത്തിനെതിരായ നീക്കം റഷ്യയ്ക്കുള്ളിൽ നിന്ന് തന്നെയാവും ആരംഭിക്കുക. വേട്ടക്കാർ തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലയാളിയെ കൊല്ലാനുള്ള കാരണം അവർ തന്നെ കണ്ടെത്തുമെന്നും സെലെൻസ്കി പറഞ്ഞു.
റഷ്യ-ഉക്രെയ്ൻ യുദ്ധം തുടരുമ്പോൾ പുടിന്റെ വിശ്വസ്തർക്കിടയിൽ നിരാശ പടരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സെലെൻസ്കിയുടെ പരാമർശം. യുദ്ധ മുന്നണിയിലുള്ള റഷ്യൻ സൈനികർ പരാതിപ്പെടുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുടിന്റെ വിശ്വസ്തർക്കിടയിൽ നിരാശ പടരാൻ തുടങ്ങിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.