സ്കൂൾ വിനോദയാത്ര പോകാൻ വ്യാജ സാക്ഷ്യപത്രം; ടൂറിസ്റ്റ് ബസുടമകൾക്കെതിരെ പരാതി
കോഴിക്കോട്∙ സ്കൂള്‍ വിനോദയാത്രയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം സ്വയം തയാറാക്കി ബസുടമകള്‍.കോഴിക്കോട്ടെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ (എംവിഐ) വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് ടൂറിസ്റ്റ് ബസുടമകള്‍ വ്യാജ സാക്ഷ്യപത്രം തയാറാക്കിയത്. നഗരത്തിലെ ഒരു സ്കൂളില്‍നിന്നു വിനോദയാത്ര പോകാന്‍ ടൂറിസ്റ്റ് ബസുടമകള്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രത്തില്‍ എംവിഐ പ്രവീണ്‍ രാജിന്റെ വ്യാജ ഒപ്പും സീലുമാണ് ചേര്‍ത്തിരിക്കുന്നത്.
സാക്ഷ്യപത്രത്തിനു മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയിട്ടുള്ള പ്രത്യേക ഫോറത്തില്‍ വിവരങ്ങള്‍ സ്വയം എഴുതിച്ചേര്‍ത്തു. ഫെബ്രുവരി ഒന്‍പതിനുള്ള യാത്രയ്ക്ക് തലേദിവസം വാഹനം പരിശോധിച്ചതായി കാണിച്ചു. ഇതുവരെ ഇത്തരത്തിലുള്ള നാലെണ്ണമാണ് കണ്ടെത്തിയത്.
കെഎല്‍ 24സി 3911, കെഎല്‍ 58 എല്‍ 0207, കെഎല്‍ 63 ഇ 5299, കെഎല്‍ 39എഫ് 3010, എന്നീ വാഹനങ്ങള്‍ക്കെതിരേയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ നാലെണ്ണത്തില്‍ പ്രവീണ്‍ രാജിന്റെ ഒപ്പും സീലുമാണ്.
സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോഴിക്കോട് ആര്‍ടിഒയ്ക്ക് പരാതി നല്കി. തുടര്‍ന്ന് ആര്‍ടിഒ നടക്കാവ് പോലീസില്‍ പരാതി നല്കി. വടക്കാഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പെട്ട് ഒന്‍പത് വിദ്യാര്‍ഥികള്‍ മരിച്ചതിനെത്തുടര്‍ന്നായിരുന്നു വിനോദയാത്രയ്ക്ക് സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയത്.