തിളച്ചുമറിഞ്ഞ് കാടും; വന്യമൃഗങ്ങൾ പുറത്തേക്ക്
ആറളം : കാട്ടില്‍ ചൂട് കൂടിയതോടെ ആവാസ വ്യവസ്ഥ വിട്ട് നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങള്‍ കര്‍ഷകര്‍ക്ക് കടുത്ത ഭീഷണിയായികുന്നു.വനത്തിലെ ജലാശയങ്ങള്‍ വറ്റിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി ആറളം ഫാമിനുള്ളില്‍ ചുറ്റിനടക്കുകയാണ് ആനക്കൂട്ടം. ജീവന്‍ പണയപ്പെടുത്തിയാണ് തൊഴിലാളികള്‍ കൃഷിയിടത്തില്‍ എത്തുന്നത്.
കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ ആനക്കൂട്ടം മേഖലയിലെ നിരവധി തെങ്ങുകളും കശുമാവും നശിപ്പിച്ചു. കാട്ടാനകളെ കൃഷിയിടത്തില്‍നിന്ന് ഓടിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
കാട്ടാനകള്‍ കൂട്ടമായി തമ്പടിച്ചതോടെ ആറളം ഫാമില്‍ തൊഴിലാളികളുടെ ജീവന്‍ ഇപ്പോള്‍ കടുത്ത ഭീഷണിയിലാണ്. കശുവണ്ടി ശേഖരണം ഉള്‍പ്പെടെ ഇതോടെ പ്രതിസന്ധിയിലാണ്.
കണ്ണവം വനത്തിലെ ചെന്നപ്പൊയില്‍, ആറളം ,കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളായ കേളകം പഞ്ചായത്തിലെ പൊയ്യ മല, വെണ്ടേക്കുംചാല്‍,അടയ്ക്കത്തോട്, രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂര്‍ പഞ്ചായത്തിലെ പാലുകാച്ചി ,പന്നിയാംമല, അമ്ബയത്തോട്,ചപ്പമല, നെല്ലിയോടി, തുടങ്ങിയ പ്രദേശങ്ങളിലും ജനം വന്യമൃഗപ്പേടിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് കേളകം പൊയ്യ മലയിലും, വെണ്ടേക്കും ചാലിലും പുലി ഭീതി പരത്തിയെങ്കില്‍ ശാന്തിഗിരിയില്‍ കടുവയുടെ മുമ്ബില്‍ അകപ്പെട്ട കര്‍ഷകന്‍ കാടുവെട്ടുന്ന യന്ത്രം പ്രവര്‍ത്തിപ്പിച്ച് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കണ്ണവം ചെന്നപ്പൊയിലിലെ കര്‍ഷകരുടെ കവുങ്ങും തെങ്ങും കാട്ടാനകള്‍ നശിപ്പിച്ചു. വന്യമൃഗശല്യം കൂടിയതോടെ ഭൂരിഭാഗം പേരും റബ്ബര്‍ ടാപ്പിംഗ് ഉപേക്ഷിച്ചിരുന്നു.
കശുഅണ്ടി ശേഖരിക്കാന്‍ കഴിയാതെ കര്‍ഷകര്‍
ആറളത്തെ കശുമാവിന്‍ തോട്ടങ്ങളില്‍ പകുതി മാത്രമാണ് ഇതുവരെ വെട്ടിതെളിയിച്ചത്. കശുവണ്ടിയുടെ ഉത്പാദനം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും കാട്ടാനകളെ ഭയന്ന് കാടുവെട്ട് മുടങ്ങിയത് മൂലം ഫാമിന് വന്‍സാമ്ബത്തിക നഷ്ടമാണ് നേരിടുന്നത്.
നേരത്തെ ആദിവാസികള്‍ക്കു പതിച്ചു നല്‍കിയ ഭൂമിയിലെ കാടു മൂടിയ പ്രദേശങ്ങളിലാണ് ആനകള്‍ താവളമാക്കിയിരുന്നത്. ഇവിടം കാടുകള്‍ വെട്ടിതെളിച്ചതോടെയാണ് ആനകള്‍ ഫാമിലെ കശുമാവിന്‍തോപ്പുകള്‍ താവളമാക്കിയത്. ഫാമില്‍ കൃഷിയാവശ്യത്തിനായി നിര്‍മ്മിച്ച കുളങ്ങളില്‍ വെള്ളത്തിന്റെ ലഭ്യതയുള്ളതാണ് ആനക്കൂട്ടം വിട്ടുപോകാത്തതിന് പിന്നില്‍. സാമ്ബത്തിക പ്രതിസന്ധി കാരണം ഫാമിലെ തൊഴിലാളികള്‍ക്ക് അഞ്ചുമാസമായി ശമ്ബളം നല്‍കിയിട്ടില്ല. കശുവണ്ടിയില്‍ നിന്നുള്ള വരുമാനത്തിലായിരുന്നു പ്രതീക്ഷയുണ്ടായിരുന്നത്.
കാട്ടാനകളില്‍ മറ്റു വന്യമൃഗങ്ങളില്‍ കര്‍ഷകരെ രക്ഷിക്കാന്‍ നടപടിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.