വിവാഹത്തിനിടെ വധു മരിച്ചു; ചടങ്ങ് മുടങ്ങാതിരിക്കാൻ അനിയത്തിയെ കല്യാണം കഴിച്ച് വരൻ
അഹമ്മദാബാദ്: വിവാഹച്ചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ വധുവിന്‍റെ സഹോദരിയെ വരന് വിവാഹം ചെയ്തുകൊടുത്ത് ചടങ്ങുകൾ പൂർത്തിയാക്കി കുടുംബാംഗങ്ങൾ. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം.
ജിനാഭായി റാത്തോഡിന്‍റെ മകൾ ഹേതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുട്ടാഭായ് അൾഗോട്ടറിന്‍റെ മകൻ വിശാലും തമ്മിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഭാവ്നഗറിലെ മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഘോഷയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹേതൽ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു.
ഹേതലിന്‍റെ മരണത്തിൽ കുടുംബം വിലപിക്കുമ്പോഴും, വിവാഹ ആഘോഷങ്ങൾ തുടരാൻ ബന്ധുക്കൾ ഉപദേശിച്ചു. വിവാഹച്ചടങ്ങ് മാറ്റിവയ്ക്കുന്നത് ഉചിതമല്ലെന്നായിരുന്നു നിലപാട്. തുടർന്ന് വധുവിന്‍റെ സഹോദരിയെ വിശാലിന് വിവാഹം ചെയ്തുകൊടുത്തു. ഹേതലിന്‍റെ മരണത്തിൽ കുടുംബം ഞെട്ടിയെങ്കിലും വരനെയും കുടുംബത്തെയും വെറും കൈയോടെ അയയ്ക്കരുതെന്ന് അവരെ ബോധ്യപ്പെടുത്തിയതായി ഭാവ്നഗർ സിറ്റി കോർപ്പറേറ്റർ ലക്ഷ്മൺഭായ് റാത്തോഡ് പറഞ്ഞു.