ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കാണാതായ ബിജു കുര്യൻ നാളെ തിരിച്ചെത്തും
കൊച്ചി: ഒരാഴ്ച മുമ്പ് കൃഷി പഠിക്കാൻ ഇസ്രായേലിലേക്ക് പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ എന്ന കർഷകൻ നാളെ (ഫെബ്രുവരി 27) തിരിച്ചെത്തിയേക്കും. കണ്ണൂർ സ്വദേശിയായ ബിജു ഞായറാഴ്ച ഉച്ചയ്ക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും തിങ്കളാഴ്ച പുലർച്ചെ കേരളത്തിലെത്തുമെന്നുമാണ് ഇസ്രയേലിലുള്ള ബിജുവുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ആധുനിക കാർഷിക സമ്പ്രദായങ്ങൾ പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് കൊണ്ടുപോയ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ബിജുവിനെ ഇസ്രായേലിൽ വച്ച് കാണാതാവുകയായിരുന്നു. ഫെബ്രുവരി 16 ന് രാത്രി 7 മണിയോടെ ടെൽ അവീവിനടുത്തുള്ള ഹെർസ്ലിയ നഗരത്തിൽ സംഘം അത്താഴത്തിനായി നിർത്തിയപ്പോൾ മുതൽ ഇയാളെ കാണാനില്ലായിരുന്നു.
ഇസ്രായേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ബിജു തന്നെ സംഘം വിട്ടതായാണ് ഏറ്റവും ഒടുവിൽ വന്ന വിവരം. സംഘത്തിൽനിന്നു പിരിഞ്ഞശേഷം ആദ്യദിവസം ജറുസലേമിൽ പര്യടനം നടത്തി. ഒരു ദിവസം ബത്‌ലഹേമിൽ ചെലവഴിച്ച ശേഷം സംഘത്തോടൊപ്പം കേരളത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. ഇതിനിടെ പ്രതിനിധി സംഘം കൊച്ചിയിലേക്ക് മടങ്ങിയതായി ബിജുവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടിൽ നടക്കുന്ന വിവാദങ്ങളിൽ ബിജു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാരിന് നാണക്കേടുണ്ടാക്കിയതിന് കൃഷിമന്ത്രി പി പ്രസാദ് അടക്കമുള്ളവരോട് ബിജു മാപ്പ് പറഞ്ഞതായും ബഹ്റൈൻ വഴി കേരളത്തിലെത്താൻ ശ്രമിക്കുകയാണെന്നും ബിജുവുമായി ബന്ധപ്പെട്ടവർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.