ഡോ. രമയുടെ വാദം പൊളിഞ്ഞു; കാസർകോട് ഗവൺമെൻ്റ് കോളേജിലെ വെള്ളം മലിനമെന്ന് റിപ്പോർട്ട്
കാസർകോട്: കാസർകോട് ഗവൺമെന്‍റ് കോളേജിലെ വെള്ളം മലിനമെന്ന് ലാബ് റിപ്പോർട്ട്. കേരള വാട്ടർ അതോറിറ്റിയുടെ കാസർകോട് ലാബിലാണ് വെള്ളം പരിശോധിച്ചത്. അതേസമയം, എംഎസ്എഫ്, എസ്എഫ്ഐ വിദ്യാർത്ഥി സംഘടനകളെ വിമർശിച്ച മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് രമയ്ക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. രമ്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് വിദ്യാർത്ഥികളുടെ നീക്കം.
കോളേജിൽ നിന്ന് ശേഖരിച്ച കുടിവെള്ളം ലാബിൽ പരിശോധിച്ചപ്പോഴാണ് മലിനമായതാണെന്ന് റിപ്പോർട്ട് ലഭിച്ചത്. വാട്ടർ അതോറിറ്റി നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വിഷയത്തിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതിയാണ് ഇപ്പോൾ പ്രശ്നങ്ങളിലേക്ക് നയിച്ചത്. കോളേജിലെ വിദ്യാർത്ഥികൾ ഉന്നയിച്ച രീതിയിലുള്ള കുടിവെള്ള പ്രശ്നമൊന്നും ഇല്ലെന്നായിരുന്നു രമ പറഞ്ഞത്.
കോളേജിൽ ലഹരി വിൽപ്പന സജീവമാണെന്നും വിദ്യാർത്ഥികൾക്കിടയിൽ പല അധാർമിക കാര്യങ്ങളും നടക്കുന്നുണ്ടെന്നും രമ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിയമനടപടിക്കൊരുങ്ങുന്നത്. എസ്.എഫ്.ഐയും എം.എസ്.എഫും രമയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എസ്.എഫ്.ഐ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് രമയെ പ്രിൻസിപ്പൽ
ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മാറ്റിയത്. നടപടിയെ തുടർന്നുള്ള വിദ്വേഷമാണ് രമയുടെ ആരോപണങ്ങൾക്ക് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. രമയുടെ പരാതിയിൽ 60 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.