കോൺഗ്രസുകാർക്ക് മദ്യം കഴിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ്, മറ്റു ലഹരികൾ പാടില്ല
റായ്പുർ: കോൺഗ്രസ് പ്രവർത്തകർക്ക് മദ്യം കഴിക്കുന്നതിന് പാർട്ടി ഏർപ്പെടുത്തിയ വിലക്കിൽ നേരിയ ഇളവ് വരുത്തി. മദ്യം കഴിക്കാൻ പാടില്ലെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഇല്ലാതാക്കാൻ പ്ലീനറി സമ്മേളനം അംഗീകാരം നൽകി. അതേസമയം, മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള കർശന നിരോധനം തുടരും.
കൊലപാതകം നടന്ന ദിവസം രാവിലെ ഗാന്ധിജി നടത്തിയ പ്രാർത്ഥന കോൺഗ്രസുകാർക്കിടയിൽ മാത്രമല്ല, ഇന്ത്യക്കാരിലും മുഴങ്ങേണ്ടതാണെന്നു കോൺഗ്രസ് രാഷ്ട്രീയ പ്രമേയം ഓർമ്മിപ്പിച്ചു. ‘രാജ്യമോ സ്വർഗമോ വിമോചനമോ അല്ല, ജനങ്ങളുടെ ദുഃഖമകറ്റണമെന്നു മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്’ എന്നായിരുന്നു ആ പ്രാർത്ഥന. സ്ഥാനങ്ങളിലുള്ള കോൺഗ്രസുകാരുടെ പരിശുദ്ധിയെക്കുറിച്ച് ഒരു സംശയത്തിനും ഇടവരുത്തരുത്. ലാളിത്യത്തിന്‍റെ ഗുണങ്ങൾ പാലിക്കാനും രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ നിലകൊള്ളാനും പാർട്ടിക്കാർക്ക് കഴിയണം എന്നും യോഗത്തിൽ അറിയിച്ചു.