ലൈഫ് മിഷൻ കോഴ: രവീന്ദ്രൻ സ്വപ്നയക്കയച്ച അശ്ലീലച്ചുവയുള്ള ചാറ്റ് പുറത്ത്
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ കമ്മിഷൻ രൂപത്തിൽ വലിയ തുക നഷ്ടമായ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും. രവീന്ദ്രൻ അയച്ച അശ്ലീല സന്ദേശങ്ങളുള്ള സ്വകാര്യ ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.
ദുബായിലെ റെഡ് ക്രസന്‍റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപ കമ്മിഷനായി നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുമ്പോൾ രവീന്ദ്രനും സ്വപ്നയും തമ്മിൽ ഫോണിൽ ആശയവിനിമയം നടന്നതിന്‍റെ തെളിവാണ് ഈ ചാറ്റുകൾ. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ചാറ്റുകളാണിതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. സ്വപ്നയുടെ മറുപടികൾ രവീന്ദ്രന്‍റെ അശ്ലീലച്ചുവയുള്ള ചാറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതല്ല.
രവീന്ദ്രന്‍റെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ചാറ്റുകൾ പുറത്തുവന്നത്. നാല് തവണ നോട്ടീസ് നൽകിയ ശേഷമാണ് രവീന്ദ്രൻ ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായത്. ഇത്തവണ ഹാജരാകാൻ വിസമ്മതിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ഇഡിക്ക് ലഭിച്ച നിയമോപദേശം. ചോദ്യം ചെയ്യൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഇതുവരെ ഇഡിയെ സമീപിച്ചിട്ടില്ല.