ലൈഫ് മിഷൻ കോഴക്കേസ്; കസ്റ്റഡി കാലാവധി അവസാനിച്ചു, എം ശിവശങ്കർ റിമാൻഡിൽ
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിനെ റിമാൻഡ് ചെയ്തു. ശിവശങ്കറിനെ ഒമ്പത് ദിവസം കസ്റ്റഡിയിൽ വാങ്ങിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും പ്രത്യേക കോടതിയിൽ കസ്റ്റഡി ആവശ്യപ്പെട്ടില്ല. ശിവശങ്കർ ജാമ്യാപേക്ഷ നൽകി. തുടർച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഫെബ്രുവരി 14 ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
നയതന്ത്രപാഴ്സൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്‍റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണ് ശിവശങ്കർ സർവീസിൽ നിന്ന് വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ലൈഫ് മിഷൻ കോഴ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിനെ വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സി.ബി.ഐയും പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ ശിവശങ്കറിനെ പ്രതി ചേർക്കാത്തത് എൻ.ഐ.എ മാത്രമാണ്.