നായയുടെ കടിയേറ്റ് കണ്ടക്ടർ ചികിത്സ തേടി; സർവ്വീസ് മുടങ്ങിയെന്ന് 7500 രൂപ പിഴയിട്ട് എം വി ഡി
ആലപ്പുഴ: നായ കടിയേറ്റ് ചികിത്സക്കു പോയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. അരൂര്‍ ക്ഷേത്രം-ചേര്‍ത്തല സര്‍വീസ് നടത്തുന്ന വെളളിമുറ്റത്തപ്പന്‍ ബസിലെ കണ്ടക്ടര്‍ ചേന്നംപ്പളളിപ്പുറം പാമ്പുംതറയില്‍ വിഘ്നേഷിനാണ് (24) നാണ് പിഴ ചുമത്തിയത്.സര്‍വീസ് മുടങ്ങിയതിന് എംവിഡി 7500 രൂപ പിഴ ഈടാക്കിയെന്നാണ് പരാതി. നായ് കടിച്ച വിവരം മറ്റു ബസ് ജീവനക്കാര്‍ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ലെന്നും പരാതിയില്‍ പറയുന്നു.
ബസ് അരൂര്‍ കവലയിലെത്തിയപ്പോഴാണ് യുവാവിന് നായയുടെ കടിയേറ്റത്. അരൂര്‍ കവലയിലെ കാര്‍ത്യായനിദേവി ക്ഷേത്രത്തില്‍ നേര്‍ച്ചയിടാന്‍ പോയതായിരുന്നു വിഘ്നേഷ്. ഈ സമയം നായ വിഘ്നേഷിന്റെ ഇടതുകാലിന്റെ മുട്ടിന് താഴെ കടിക്കുകയായിരുന്നു. ഉടമയെ വിവരമറിയിച്ച് മുറിവേറ്റ കണ്ടക്ടറെ ഡ്രൈവര്‍ അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. അവിടെ മരുന്നില്ലാത്തതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ സര്‍വീസ് മുടങ്ങിയതായി കണ്ടെത്തുകയായിരുന്നു. നായ് കടിച്ചതിനാലാണ് സര്‍വീസ് നടത്താതിരുന്നതെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. 7500 രൂപ പിഴയടക്കാന്‍ ഉടമയ്ടക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.