ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം: തിരിച്ചടിച്ച് സൈന്യം
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ പുലര്‍ച്ചെ, ഗാസയില്‍നിന്നു ദക്ഷിണ ഇസ്രയേലിലേക്കു പലസ്തീന്‍ തീവ്രവാദികള്‍ റോക്കറ്റ് ആക്രമണം നടത്തി.നഗരത്തെ ലക്ഷ്യമാക്കി തൊടുത്ത ആറില്‍ അഞ്ചു റോക്കറ്റും ആകാശത്തുവച്ചുതന്നെ നിര്‍വീര്യമാക്കി.
പിന്നാലെ തിരിച്ചടിച്ച ഇസ്രേലി സേന ഗാസയിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചു. തീവ്രവാദ സംഘടനയായ ഹമാസിന്‍റെ ഗാസയിലെ ആയുധനിര്‍മാണകേന്ദ്രവും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടു. ആക്രമണങ്ങളില്‍ ആളപായമുണ്ടായോ എന്നു വ്യക്തമല്ല. ഇസ്രേലി സേനയുടെ തിരിച്ചടിയില്‍പ്പെട്ട വയോധികന്‍ കണ്ണീര്‍വാതകം ശ്വസിച്ചു മരിച്ചു.
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടിയ 11 പലസ്തീനികള്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു. ഇതു സംഘര്‍ഷം രൂക്ഷമാക്കി. ഈ ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്നു ഗാസ നിയന്ത്രിക്കുന്ന ഹമാസും മറ്റൊരു ഭീകരസംഘടനയായ ഇസ്‌ലാമിക് ജിഹാദും മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ഇത്രയും രൂക്ഷമായത്. ഈ വര്‍ഷം തുടക്കത്തില്‍ ഇസ്രയേലില്‍ പലസ്തീന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, പലസ്തീന്‍കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേലില്‍ അധികാരത്തില്‍ വന്ന തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഘര്‍ഷബാധിത മേഖലകളില്‍ ഇസ്രയേല്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.