നെടുങ്കണ്ടം -കോട്ടയം ഓര്‍ഡിനറി സര്‍വിസ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തിയതിനെതിരെ പ്രതിഷേധം
തൊടുപുഴ: നെടുങ്കണ്ടം -കോട്ടയം ഓര്‍ഡിനറി സര്‍വിസ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തിയതിനെതിരെ പ്രതിഷേധം. പുലര്‍ച്ച 5.15ന് നെടുങ്കണ്ടത്തുനിന്ന് തുടങ്ങി 8.20ന് വണ്ണപ്പുറത്തും ഒമ്ബതിന് തൊടുപുഴയിലും എത്തി കോട്ടയത്തിന് പോയിരുന്ന ബസാണ് ഒരാഴ്ചയായി നിലച്ചത്.ധാരാളം സ്ഥിരം യാത്രക്കാര്‍ ഉണ്ടായിരുന്ന സര്‍വിസായിരുന്നു ഇത്. കൂടാതെ വണ്ണപ്പുറം -ചേലച്ചുവട് റൂട്ടിലെ വിദ്യാര്‍ഥികള്‍ കണ്‍സെഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്‌തിരുന്നതും ഈ ബസിലായിരുന്നു. ദിവസവും 13,000 മുതല്‍ 18,000 രൂപ വരെ വരുമാനം ഉണ്ടായിരുന്ന ബസാണ് കാരണമില്ലാതെ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിയത്. യാത്രക്കാര്‍ വിളിക്കുമ്ബോള്‍ ബസ് പണിക്ക് കയറ്റിയിരിക്കുകയാണെന്നും പകരം ഓടിക്കാന്‍ ബസ് ഇല്ലെന്നുമാണ് നെടുങ്കണ്ടം ഡിപ്പോയില്‍നിന്നുള്ള മറുപടി.
കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് ഉടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് സര്‍വിസ് നിര്‍ത്തിയതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കും എം.ഡിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
‘സര്‍വിസ് ആരംഭിക്കണം’
കരിമണ്ണൂര്‍: തൊമ്മന്‍കുത്ത് -വണ്ണപ്പുറം -കരിമണ്ണൂര്‍ -തൊടുപുഴ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കണമെന്ന് ആവശ്യമുയര്‍ന്നു. തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രം ആയിട്ടും മേഖലയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസില്ല. ദൂരസ്ഥലങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ഥികളാണ് മേഖലയിലുള്ളത്.
ഗ്രാമീണ മേഖലയെ കെ.എസ്.ആര്‍.ടി.സി അവഗണിക്കുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന തൊമ്മന്‍കുത്ത്, വണ്ണപ്പുറം, കരിമണ്ണൂര്‍ പ്രദേശങ്ങള്‍ കുടിയേറ്റ മേഖലകൂടിയാണ്.