ആലടി കുരിശുമല കുടിവെള്ള പദ്ധതി കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല
കട്ടപ്പന ആലടി കുരിശുമല കുടിവെള്ള പദ്ധതി കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. മൂന്ന് താലൂക്കിലെ മൂന്നര ലക്ഷത്തോളം പേരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ലക്ഷ്യമിട്ട പദ്ധതിയാണ് ഇപ്പോഴും ഇഴയുന്നത്.
പദ്ധതിയുടെ ഭാഗമായി പെരിയാറിന് കുറുകെ നിര്‍മിക്കാന്‍ തുടങ്ങിയ ചെക്ക്ഡാമിന് കെ.എസ്.ഇ.ബി സ്റ്റോപ് മെമ്മോ നല്‍കിയതും പൂര്‍ത്തീകരണത്തിന് തടസ്സമായി.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തിയാകാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. കാല്‍ നൂറ്റാണ്ട് മുമ്ബ് തുടക്കമിട്ട ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഫലത്തില്‍ ഇപ്പോഴും നിര്‍മാണ ഘട്ടത്തില്‍തന്നെ. കോടികള്‍ മുടക്കിയ ശേഷം ഒരുവട്ടം ഉപേക്ഷിക്കുകയും പിന്നീട് വീണ്ടും പലതവണകളായി ഫണ്ട് അനുവദിക്കുകയും ചെയ്ത ആലടി കുരിശുമല പദ്ധതിയില്‍നിന്ന് എന്ന് കുടിവെള്ളം കിട്ടുമെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ മറുപടിയില്ല. വ്യക്തമായ ആസൂത്രണം ഇല്ലാതിരുന്നതാണ് പദ്ധതി നിര്‍മാണം ഇഴഞ്ഞുനീങ്ങാന്‍ കാരണം.
1995ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പല ഘട്ടങ്ങളിലായി ഫണ്ട് ഉയര്‍ത്തുകയും ചെയ്തു. തോണിത്തടിയില്‍ പമ്ബ് ഹൗസ്, കുരിശുമലയില്‍ ടാങ്ക്, കല്യാണത്തണ്ട് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ബൂസ്റ്റര്‍ പമ്ബ് ഹൗസ് എന്നിവയെല്ലാം പണിതെങ്കിലും ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലം കിട്ടാതെ വന്നതോടെ 2008ല്‍ പദ്ധതി ഉപേക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു. അനുവദിച്ച 23.7 കോടിയില്‍ 15.12 കോടി ചെലവിട്ട ശേഷമായിരുന്നു ഈ നീക്കം.
തുടര്‍ന്ന് ജനപ്രതിനിധികളും സര്‍ക്കാറും ജില്ല ഭരണകൂടവും ഇടപെട്ട് 70 ദശലക്ഷം ലിറ്റര്‍ വെള്ളം ഒരേസമയം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിനും അനുബന്ധ സംവിധാനങ്ങള്‍ക്കും റവന്യൂ ഭൂമി ലഭ്യമാക്കി. വൈദ്യുതി ആവശ്യത്തിന് 2016ല്‍ ഒമ്ബതു കോടി അനുവദിച്ചെങ്കിലും കൃത്യസമയത്ത് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ ഫണ്ട് പാഴായി. ചീഫ് എന്‍ജിനീയര്‍ മുതല്‍ താഴെ നിര്‍വഹണ വിഭാഗം അസി. എന്‍ജിനീയര്‍ വരെ ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥാനചലനമാണ് ഫണ്ട് ലാപ്സാകാന്‍ കാരണമെന്ന് പറയുന്നു.
വിവരം ശ്രദ്ധയില്‍പെട്ട അന്നത്തെ എം.എല്‍.എ ഇ.എസ്. ബിജിമോളുടെ ശ്രമഫലമായി 2017-18ല്‍ കിഫ്ബിയില്‍നിന്ന് 46 കോടി അനുവദിച്ചതോടെ പദ്ധതിക്ക് വീണ്ടും ജീവന്‍വെച്ചു. തുടര്‍ന്ന് 16.51 കോടിയും ജലലഭ്യത പരിഹരിക്കാന്‍ പെരിയാറിനു കുറുകെ ചെക്ക്ഡാം നിര്‍മിക്കാന്‍ മൂന്ന് കോടിയും അനുവദിച്ചു. കൂടാതെ വൈദ്യൂതി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 48.5 കോടി 2020ല്‍ കിഫ്ബിയില്‍നിന്ന് വീണ്ടും അനുവദിച്ചു.
തോണിത്തടിയിലും ശുദ്ധീകരണ പ്ലാന്റിന് സമീപവും രണ്ടു ട്രാന്‍സ്ഫോര്‍മര്‍, മലമുകളില്‍ സബ് സ്റ്റേഷന്‍, വൈദ്യുതി ലൈന്‍ തുടങ്ങിയവക്ക് 10.73 കോടിയും കല്‍ത്തൊട്ടി, നരിയമ്ബാറ എന്നിവിടങ്ങളില്‍ പമ്ബ് ഹൗസുകള്‍, ശേഖരണ-വിതരണ പൈപ്പ് ലൈനുകള്‍ തുടങ്ങിയവക്ക് 5.78 കോടിയുമാണ് അനുവദിച്ചത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭ പ്രദേശങ്ങളിലെയും ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍, പദ്ധതിയുടെ മുന്‍കാല അവസ്ഥ പോലെ തന്നെ കാര്യമായ നിര്‍മാണ പുരോഗതി ഇപ്പോഴും ഉണ്ടാകുന്നില്ല. അതിനിടെ ഈ പദ്ധതിയുമായി സംയോജിപ്പിച്ച് മൂന്ന് താലൂക്കിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 795 കോടിയുടെ പദ്ധതി സര്‍വേ വേറെയും നടത്തി.
ഉടുമ്ബന്‍ചോല താലൂക്കിലെ വണ്ടന്മേട്, നെടുങ്കണ്ടം, കരുണാപുരം, പാമ്ബാടുംപാറ, ഇരട്ടയാര്‍, ഉടുമ്ബന്‍ചോല, സേനാപതി, ശാന്തന്‍പാറ, രാജാക്കാട്, രാജകുമാരി പഞ്ചായത്തും പീരുമേട് താലൂക്കിലെ ചക്കുപള്ളം, ഉപ്പുതറ പഞ്ചായത്തും ഇടുക്കി താലൂക്കിലെ കാമാക്ഷി, മരിയാപുരം, കാഞ്ചിയാര്‍, വാത്തിക്കുടി പഞ്ചായത്തും കട്ടപ്പന നഗരസഭയും വാഗമണ്‍ വില്ലേജുമാണ് (പീരുമേട് താലൂക്ക്) പദ്ധതിയുടെ പരിധിയിലുള്ളത്. 2018 ജനുവരിയിലെ കണക്ക് പ്രകാരം 795 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പദ്ധതി പൂര്‍ത്തിയാകുമ്ബോള്‍ 1000 കോടി ചെലവാകുമെന്ന് വാട്ടര്‍ അതോറിറ്റി കട്ടപ്പന ഡിവിഷന്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സൂചിപ്പിച്ചിരുന്നു.
ഇടുക്കി ജലസംഭരണിയുടെ ഭാഗമായ അഞ്ചുരുളിയില്‍ നിന്ന് ശുദ്ധീകരിച്ച വെള്ളം പൈപ്പ് മാര്‍ഗം വീടുകളില്‍ എത്തിച്ചു നല്‍കുന്നതായിരുന്നു പദ്ധതി. പ്രധാന സ്ഥലങ്ങളില്‍ പൊതുടാപ്പുകളും വിഭാവനം ചെയ്തിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ പ്രോജക്‌ട് പ്ലാനിങ് ആന്‍ഡ് ഡിസൈനിങ് വിഭാഗം നടത്തിയ സര്‍വേ നടപടികള്‍ ആറു മാസംകൊണ്ട് പൂര്‍ത്തീകരിച്ചു. എന്നാല്‍, ഇക്കാര്യത്തിലും തുടര്‍ നടപടികള്‍ ഇഴഞ്ഞാണു നീങ്ങുന്നത്. വേനല്‍ ശക്തമായതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.