തീർഥാടനത്തിന് പോയ നേരം വീട്ടിൽ മോഷണം നടന്നതറിഞ്ഞ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു
മോഷണക്കേസിൽ ഗൃഹനാഥന്റെ അനുജനെ പൊലീസ് അറസ്റ്റും ചെയ്തു. ഇടുക്കി ചെറുതോണിയിലാണ് സംഭവം. രാജമുടി സ്വദേശി വിശ്വനാഥനാണ് മരിച്ചത്. വിശ്വനാഥനും കുടുംബവും പഴനി ക്ഷേത്ര ദർശനത്തിന് പോയപ്പോഴാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 75 കിലോ കുരുമുളക് മോഷണം പോയത്. വിവരമറിഞ്ഞ വിശ്വനാഥൻ കാറിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
വീടിന്റെ പിറകുവശത്തെ കതകു കുത്തിത്തുറന്ന മോഷ്ടാവ് രണ്ടു പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോഗ്രാം കുരുമുളകു മോഷണം നടത്തി. കവർന്നെടുത്ത കുരുമുളക് ഇയാൾ തോപ്രാംകുടിയിലെ കടയിൽ വിറ്റിരുന്നു. മോഷണമുതൽ പൊലീസ് കണ്ടെടുത്തു.വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കും മോഷണത്തിനു പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് ചോദ്യം ചെയ്യലിൽ പ്രതി അനിൽകുമാർ കുറ്റം സമ്മതിക്കുകയായിരുന്നു. സാമ്പത്തിക ഞെരുക്കത്തെ തുടർന്നായിരുന്നു മോഷണമെന്നാണ് മൊഴി.