ഭയമോ പക്ഷപാതമോ ഇല്ലാതെയുള്ള റിപ്പോർട്ടിങ്ങിൽ നിന്ന് പിന്നോട്ടില്ല: ബിബിസി ഡയറക്ടർ ജനറൽ
ന്യൂഡൽഹി: ഭയമോ പക്ഷപാതമോ ഇല്ലാതെയുള്ള റിപ്പോർട്ടിങ്ങിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി. ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് അയച്ച ഇ-മെയിലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇ-മെയിൽ അയച്ചത്. ജീവനക്കാരുടെ ധൈര്യത്തിന് നന്ദി അറിയിച്ച ഡേവി, നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനമായി ഒന്നുമില്ലെന്നും പറഞ്ഞു.
“സ്വതന്ത്രവും പക്ഷപാതരഹിതവുമായ പത്രപ്രവർത്തനത്തിലൂടെ മികച്ച ഉള്ളടക്കം നൽകുക എന്നതാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരോടുള്ള നമ്മുടെ കടമ. ആ ദൗത്യത്തിൽ നിന്ന് നാം പിന്നോട്ട് പോകില്ല. ബിബിസിക്ക് ഒരു അജണ്ടയും ഇല്ലെന്ന് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ചുറ്റുമുള്ള ലോകത്തെ മനസിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് പക്ഷപാതരഹിതമായ വാർത്തകളും വിവരങ്ങളും നൽകുക എന്നതാണ് നമ്മുടെ പ്രാഥമിക ലക്ഷ്യം”, ഡേവി ഇ-മെയിലിൽ പറഞ്ഞു.
2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ഡോക്യുമെന്‍ററി വിവാദങ്ങൾക്കിടെയാണ് ആദായനികുതി വകുപ്പ് ബിബിസിയുടെ മുംബൈ, ഡൽഹി ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. പരിശോധന ഏകദേശം 3 ദിവസത്തോളം നീണ്ടു നിന്നിരുന്നു.