മാലിന്യം കൊണ്ടൊരു ക്രിസ്മസ് ട്രീ; അമ്പരന്ന് ലണ്ടൻ നിവാസികൾ
ലണ്ടൻ: വൈവിധ്യമാർന്ന പല ക്രിസ്മസ് ട്രീകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതാദ്യമായാണ് ഒരു ക്രിസ്മസ് ട്രീ മാലിന്യം കൊണ്ട് നിർമ്മിക്കുന്നത്. അതും ക്രിസ്തുമസ് കാലം കഴിഞ്ഞ ശേഷം. ലണ്ടൻ മേയർ വിൻസെന്‍റ് കീവെനിയാണ് അത്തരമൊരു ക്രിസ്മസ് ട്രീ നിർമ്മിച്ച് തന്‍റെ വീടിന്‍റെ ബാൽക്കണിയിൽ സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോൾ മേയറുടെ ബാൽക്കണിയിലെ മാലിന്യം കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീ കണ്ട് ഞെട്ടിയിരിക്കുകയാണ് നഗരവാസികൾ.
മേയർ തന്നെ തന്റെ വീടിന് മുന്നിൽ ഇത്തരമൊരു ക്രിസ്മസ് ട്രീ സ്ഥാപിച്ചതിന് പ്രത്യേക കാരണമുണ്ട്. ലണ്ടൻ നഗരത്തിൽ നിന്ന് കഴിഞ്ഞ രണ്ട് മാസമായി ശേഖരിച്ച മാലിന്യങ്ങളാണ് ഇത് മുഴുവനും. പുതുവത്സരാഘോഷങ്ങളിൽ ഉൾപ്പെടെ ആളുകൾ ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയ ശേഖരം. നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ എത്രമാത്രം അപകടകരമാണെന്ന് ജനങ്ങളെ ബോധവാൻമാരാക്കാനാണ് അദ്ദേഹം തന്‍റെ വീടിന്‍റെ ബാൽക്കണിയിൽ അത്തരമൊരു ക്രിസ്മസ് ട്രീ സ്ഥാപിച്ചത്. ഇത് കാണുന്നതിലൂടെ, എല്ലാ ദിവസവും വലിച്ചെറിയുന്ന മാലിന്യങ്ങളെക്കുറിച്ച് ആളുകൾ ചിന്തിക്കുമെന്നും ഇത് മാറ്റത്തിന് കാരണാമാകുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ആർട്ടിസ്റ്റ് ഐൻ ബർക്കുമായി സഹകരിച്ചാണ് ട്രീ രൂപകൽപ്പന ചെയ്തത്. മാലിന്യം കൊണ്ടാണ് ട്രീ നിർമ്മിച്ചതെങ്കിലും വർണ്ണാഭമായ നിറങ്ങളും ഇതിന് നൽകിയിട്ടുണ്ട്. മാലിന്യ ശേഖരണ തൊഴിലാളികളുടെ സഹായത്തോടെയാണ് ടൺ കണക്കിന് മാലിന്യം ശേഖരിച്ച് ഇത് നിർമ്മിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, പാമ്പേഴ്സ്, ഇലക്ട്രോണിക് മാലിന്യങ്ങൾ മുതലായവ ഇതിലുണ്ട്.