ദുരിതാശ്വാസ ഫണ്ട് ക്രമക്കേട്; സർക്കാർ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കും
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ഏജന്‍റുമാരും അടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തിരിമറി നടത്തിയതിന് പിന്നിലെന്ന് വിജിലൻസ്. തട്ടിപ്പുകൾ നടത്തിയത് ആസൂത്രിതമായാണ്. തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താൻ ഫീൽഡ് തല പരിശോധന ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പ് ആസൂത്രിതമാണെന്നും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് പറഞ്ഞു. വില്ലേജ് ഓഫീസുകളിലും അപേക്ഷകരുടെ വീടുകളിലും പരിശോധന നടത്തും. നിലവിലുള്ള അപേക്ഷകളിൽ തടസമുണ്ടാകില്ലെന്നും വിജിലൻസ് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു.
കൊല്ലത്താണ് കൂടുതൽ പരാതികൾ ലഭിച്ചത്. പരിശോധനയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളവർക്ക് തടസമുണ്ടാകില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം സ്വീകരിക്കാൻ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫിസിക്കൽ ഫയലുകൾ ഇല്ലാത്തതിനാലാണ് പരിശോധന വൈകുന്നത്. ഓൺലൈനായി ഫയലുകൾ പരിശോധിച്ചാണ് വിജിലൻസ് അപേക്ഷകരുമായും ഏജന്‍റുമാരുമായും ബന്ധപ്പെടുന്നത്. വിവരങ്ങൾ ശേഖരിക്കുന്ന സംഘം അപേക്ഷകരുടെയും ഏജന്‍റുമാരുടെയും വിവരങ്ങൾ ഫീൽഡിലുള്ള വിജിലൻസ് ഉദ്യോഗസ്ഥർക്ക് കൈമാറും.