പഠന പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിൽ വിശക്കുന്നവർക്ക് സാന്ത്വനമായി മുരിക്കാശേരി പാവനാത്മ കോളേജിലെ വിദ്യാർത്ഥികളും, ബെന്നോ അച്ചനും
പഠന പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിൽ വിശക്കുന്നവർക്ക് സാന്ത്വനമായി മുരിക്കാശേരി പാവനാത്മ കോളേജിലെ വിദ്യാർത്ഥികളും, ബെന്നോ അച്ചനും.അഞ്ചു വർഷത്തിലധികമായി ഉച്ചഭക്ഷണമെത്തിച്ചും വസ്ത്രങ്ങൾ നൽകിയും അപരന്റെ സങ്കടങ്ങളിൽ അവരെ ചേർത്തുപിടിക്കുകയാണ് ഇവർ. ഇതിലൂടെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ക്ലാസ് മുറികൾക്കും, പാം പുസ്തകങ്ങൾക്കും അപ്പുറമുള്ള പുതിയ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നു കൊടുക്കുകയാണ് ഇതിലൂടെ.
അശരണർക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള വിദ്യാർത്ഥികളുടെ പ്രവർത്തനം ലക്ഷ്യമിട്ട് കോളേജിൽ ആ വിഷ്കരിച്ച പദ്ധതിയാണ് മിസ് എ മീൽ. എല്ലാ വെള്ളിയാഴ്ചയും വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് ഒരു പൊതിച്ചോറ് അധികം കൊണ്ടുവരും. അത് സ്നേഹദവനിലെ അന്തേവാസികൾക്ക് വിദ്യാർത്ഥികൾ നേരിട്ടെത്തി വിതരണം ചെയ്യും. ഓരോ ആഴ്ചയിലും ഓരോ വിഭാഗക്കാർക്കാണ് പൊതിച്ചോറ് വിതരണത്തിന്റെ ചുമതല. സ്നേഹഭവനിൽ മുപ്പതോളം അന്തേവാസികളുണ്ട്.പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ സാമൂഹികാവബോധവും, സഹജീവി സ്നേഹവും വളർത്തുകയാണ് കോളേജിൽ നടപ്പാക്കി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് കോളേജ് പ്രിൻസിപ്പാൾ ഫാ: ബെന്നോ പുതിയാപ്പറമ്പിൽ പറഞ്ഞു. ഇതുകൂടാതെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലും, സ്നേഹമന്ദിരത്തിലും, കിടപ്പുരോഗികളു ള്ള വീടുകളിലും വിദ്യാർത്ഥികൾ സഹായ ഹസ്തം എത്തിച്ചു വരുന്നു.