മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന ആരംഭിച്ചു
കോട്ടയം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന ആരംഭിച്ചു.ദുരിതാശ്വാസ നിധി സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കലക്ടറേറ്റിലെ കെ 4 സെക്ഷനിലായിരുന്നു വിജിലന്‍സ് കിഴക്കന്‍മേഖല ഡിവൈഎസ്‌പി എ കെ വിശ്വനാഥന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഏജന്റുമാര്‍ വഴി വ്യാജരേഖകള്‍ ഹാജരാക്കി ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മുണ്ടക്കയം സ്വദേശി കോട്ടയം കലക്ടറേറ്റില്‍നിന്നും ഇടുക്കി കലക്ടറേറ്റില്‍നിന്നും സിഎംഡിആര്‍എഫ് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ളതായി കണ്ടെത്തി. കോട്ടയത്തുനിന്ന് ഹൃദയസംബന്ധമായ രോഗചികിത്സക്ക് 2017ല്‍ 5,000 രൂപ വാങ്ങിച്ചു. 2019ല്‍ ഇടുക്കി കലക്ടറേറ്റില്‍നിന്ന് 10,000 രൂപയും വാങ്ങി. 2020ല്‍ കോട്ടയം കലക്ടറേറ്റില്‍നിന്ന് ക്യാന്‍സര്‍ ചികിത്സക്ക് 10,000 രൂപ വാങ്ങിച്ചു. ഇതിനെല്ലാം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടറാണെന്നും വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ സിഎംഡിആര്‍എഫ് ഫണ്ടിലേക്ക് ലഭിച്ചത് 12,000ത്തോളം അപേക്ഷകളാണ്. ആകെ ആറ് കോടി രൂപ നല്‍കിയിട്ടുണ്ട്. നാനൂറ് ഗുണഭോക്താക്കളെ വിജിലന്‍സ് ഫോണില്‍ ബന്ധപ്പെട്ട് അന്വേഷിച്ചു. ഇതില്‍ എഴുപതോളം പേര്‍ തങ്ങള്‍ക്ക് പണം കിട്ടിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. പണം ലഭിച്ചത് ഇവര്‍ അറിയാത്തതാണോ എന്ന് വിജിലന്‍സ് വരുംദിവസങ്ങളില്‍ പരിശോധിക്കും. ചികിത്സാസഹായം കൈപ്പറ്റിയവരുടെ അസുഖവിവരങ്ങളും നേരിട്ടെത്തി പരിശോധിക്കും.
അപേക്ഷകരുടെ വീടുകളില്‍ വില്ലേജ് ഓഫീസര്‍ നേരിട്ടെത്തി പരിശോധിക്കണമെന്നാണ് ചട്ടം. ഇക്കാര്യത്തിലും ചില വില്ലേജ് ഓഫീസര്‍മാര്‍ വീഴ്‌ചവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.