ബില്ലുകളിൽ ഇനി നേരിൽ ചർച്ച; ഗവർണറുമായി മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരം: ഗവർണർ ഒപ്പു വയ്ക്കാത്ത ബില്ലുകളിൽ മന്ത്രിമാർ ഇന്ന് നേരിട്ടെത്തി സർക്കാർ നിലപാട് വിശദീകരിക്കും. സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് ഉൾപ്പെടെ എട്ട് ബില്ലുകളാണ് രാജ്ഭവനിലുള്ളത്. ഇവയിൽ ലോകായുക്ത, സർവകലാശാല നിയമ ഭേദഗതികൾക്ക് ഗവർണർ അംഗീകാരം നൽകാൻ സാധ്യതയില്ല.
ഇന്ന് വൈകിട്ട് ഏഴിന് ഗവർണർ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തും. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, വി എൻ വാസവൻ, ജെ ചിഞ്ചുറാണി എന്നിവരുമായി രാത്രി 7.30 ന് കൂടിക്കാഴ്ച നടത്തും. ഇതുവരെ ഒപ്പിടാത്ത ഓരോ വകുപ്പിന്‍റെയും ബില്ലുകൾ സംബന്ധിച്ച് പ്രത്യേകം ആശയവിനിമയം നടത്തും. അതിനുശേഷം മന്ത്രിമാരെ രാജ്ഭവനിൽ അത്താഴവിരുന്നിനും ക്ഷണിച്ചിട്ടുണ്ട്.
സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലും വിസി അപ്പോയിന്‍റ്മെന്‍റ് സെർച്ച് കമ്മിറ്റിയിൽ സർക്കാരിൻ്റെ മേല്‍കൈ ഉറപ്പിക്കാനുള്ള ബില്ലും മന്ത്രി ആർ ബിന്ദു ഗവർണറോട് വിശദീകരിക്കും. ലോകായുക്തയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ബില്ലിനെക്കുറിച്ചാണ് നിയമമന്ത്രി പി രാജീവ് പ്രധാനമായും സംസാരിക്കുക. ചർച്ചകൾക്ക് ശേഷം 24ന് രാവിലെ കൊല്ലത്ത് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വൈകിട്ട് ഗവർണർ ഹൈദരാബാദിലേക്ക് പോകും. പിന്നീട് മാർച്ച് ആദ്യവാരം മാത്രമേ അദ്ദേഹം രാജ്ഭവനിലേക്ക് എത്തുകയുള്ളു.