വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ മകരകൊയ്ത്തിന് വിരാമം. ഇത്തവണ മികച്ച വിളവ് കിട്ടിയതിന്‍റെ ആഹ്ലാദത്തിലാണ് കര്‍ഷകര്‍
ഒറ്റപ്പാലം: വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ മകരകൊയ്ത്തിന് വിരാമം. ഇത്തവണ മികച്ച വിളവ് കിട്ടിയതിന്‍റെ ആഹ്ലാദത്തിലാണ് കര്‍ഷകര്‍.കൊയ്ത്ത് സമയത്ത് ആവശ്യത്തിന് മാത്രം വെള്ളം ലഭ്യമായതും യഥാസമയം വിളവ് കൊയ്തെടുക്കാന്‍ കഴിഞ്ഞതും നേട്ടമായി ഇവര്‍ കണക്കാക്കുന്നു.
കുറച്ചുകാലങ്ങളായി രണ്ടാം വിളയെ മാത്രം ആശ്രയിച്ചാണ് വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ കാര്‍ഷികവൃത്തികള്‍ നടക്കുന്നത്.
ഒന്നാംവിള ഇറക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം നിലവിലില്ലാത്തതിനാല്‍ രണ്ടാം വിളയെ ആശ്രയിച്ചു മാത്രമാണ് കര്‍ഷകര്‍ വിളയിറക്കുന്നത്. വിളുനാടന്‍ പാടശേഖരങ്ങളില്‍ അത്യപൂര്‍വമായി മാത്രമാണ് ഒന്നാം വിളവിറക്കുന്നത്.
മകരക്കൊയ്ത്ത് ആയാസരഹിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും യന്ത്രങ്ങള്‍ ഇറക്കാന്‍ സാധിക്കാത്ത പാടശേഖരങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ സമയത്ത് തന്നെ ലഭ്യമാക്കാന്‍ ആയതും നേട്ടമായി കര്‍ഷകര്‍ കണക്കാക്കുന്നു.
കൊയ്ത്തു കഴിഞ്ഞ വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ കൊറ്റിക്കൂട്ടങ്ങളും താറാവ് കൂട്ടങ്ങളും ഇര തേടി ഇറങ്ങുന്നതും കൊയ്ത്തുകാലത്തെ കൗതുകകരമായ കാഴ്ചയാണ്.
കൊറ്റിക്കൂട്ടങ്ങള്‍ കൂട്ടത്തോടെ പാടശേഖരങ്ങളില്‍ വന്നിറങ്ങുന്നത് ഐശ്വര്യമായി കണക്കാക്കുന്ന കര്‍ഷകരും ഉണ്ട്. ഇതിനോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്ന് താറാവുകളെ മേയ്ക്കാന്‍ എത്തുന്നവരും സജീവമായി എത്തിത്തുടങ്ങിയിട്ടുണ്ട്. പാടശേഖരങ്ങള്‍ക്ക് സമീപം ചെറിയ കൂടാരങ്ങള്‍ ഒരുക്കിയാണ് ഇവര്‍ താറാവുകളെ പാടശേഖരങ്ങളിലേക്ക് ഇറക്കി തീറ്റ തേടുന്നത്.
ഇതിനുപകരമായി പാടശേഖരങ്ങളുടെ ഉടമയ്ക്ക് മുട്ടയാണ് പ്രതിഫലമായി നല്കുന്നത്.
പാടശേഖരങ്ങളില്‍ കൊയ്ത്തുകാലത്ത് വെള്ളം അമിതമാകുന്ന സാഹചര്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ ഇതുണ്ടായില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഇത്തവണ ഇക്കാര്യത്തില്‍ കര്‍ഷകര്‍ പരാതി പറയുന്നില്ല. അനുകൂലമായ കാലാവസ്ഥയും ഇതിനനുസരിച്ച് വിളവും ലഭ്യമായി എന്നാണ് ഇവര്‍ നല്കുന്ന സൂചന.
അതേസമയം ചില മേഖലകളില്‍ രൂക്ഷമായി തീര്‍ന്ന പന്നി ശല്യവും മയില്‍ അടക്കമുള്ളവയുടെ വിള നശീകരണവും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. രാത്രികാലങ്ങളില്‍ പലരും കാവലിരുന്നാണ് കൊയ്തെടുക്കാറായ വിളയെ സംരക്ഷിച്ചത്.
നെല്ലു മുഴുവന്‍ കൊയ്തെടുത്തതോടെ വലിയ ആശ്വാസത്തിലാണ് കര്‍ഷകര്‍. ഇനി ആവശ്യത്തിന് നെല്ല് ശേഖരിച്ച ശേഷം ബാക്കിയുള്ളവ വില്പന നടത്തി വേണം കടബാധ്യതകള്‍ തീര്‍ക്കാന്‍. ഇതിനുള്ള കാത്തിരിപ്പിലാണ് ഇവര്‍.