ഞങ്ങൾ ബിബിസിക്ക് വേണ്ടി നിലകൊള്ളുന്നു; പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ
ലണ്ടന്‍: ബിബിസിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ. ബിബിസിയുടെ മുംബൈ, ദില്ലി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെക്കുറിച്ചുള്ള വിഷയം യുകെ പാർലമെന്‍റിൽ ഉയർന്നപ്പോഴാണ് സുനക് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നോർത്തേൺ അയർലൻഡ് എംപി ജിം ഷാനന്‍റെ ചോദ്യത്തിന് ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്‍റ് ഓഫീസ് (എഫ്സിഡിഒ) പാർലമെന്‍ററി അണ്ടർ സെക്രട്ടറി ഡേവിഡ് റട്‌ലിയാണ് മറുപടി നൽകിയത്.
അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇന്ത്യൻ ആദായനികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് യുകെ സർക്കാരിന് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ല എന്ന് റട്‌ലി ജനപ്രതിനിധി സഭയോട് പറഞ്ഞു. എന്നാൽ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആരോഗ്യകരമായ ജനാധിപത്യത്തിന്‍റെ അനിവാര്യ ഘടകങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങൾ ബിബിസിക്ക് വേണ്ടി നിലകൊള്ളുന്നു. ഞങ്ങളാണ് ബിബിസിക്ക് ധനസഹായം നൽകുന്നത്. ബിബിസി വേൾഡ് സർവീസ് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. ബിബിസിക്ക് ആ മാധ്യമ സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” എന്നും റട്‌ലി കൂട്ടിചേർത്തു.