ഭക്ഷ്യവിഷബാധ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. ഭക്ഷ്യവിഷബാധ വാർത്തയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാൻ ഈ കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച പ്രവർത്തനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, ഭക്ഷ്യസുരക്ഷാ കമ്മീഷണറും വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി കേസ് തീർപ്പാക്കിയത്.
ഭക്ഷ്യവിഷബാധ തടയാൻ സർക്കാർ ഇടപെട്ടിരുന്നു. ഷവർമ്മ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അത് നടപ്പാക്കാൻ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇവ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനയും ശക്തമാക്കി. ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കി. ഭക്ഷ്യവിഷബാധയേറ്റുള്ള മരണം സംഭവിച്ചപ്പോൾ അടിയന്തര ഇടപെടൽ നടത്തി. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൻഫോഴ്സ്മെന്‍റ് യോഗത്തിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകി. ഭക്ഷ്യ സ്ഥാപനങ്ങളിലെ എല്ലാവർക്കും ഫോസ്റ്റാക്ക് പരിശീലനവും കർശനമാക്കിയിരുന്നു.