യുഎസ് – റഷ്യ ആണവക്കരാര്‍ മരവിപ്പിച്ച് വ്ളാഡിമിർ പുടിൻ
മോസ്‌കോ: അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറുകളിൽ അവശേഷിക്കുന്ന ഏക ധാരണയിലെ പങ്കാളിത്തം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. യുക്രൈൻ അധിനിവേശത്തിന്‍റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് റഷ്യൻ പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിക്കുകയും 50 കോടി ഡോളറിന്റെ (4,377 കോടി രൂപ) ആയുധങ്ങൾ അധികമായി വാഗ്ദാനം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് പുടിന്‍റെ പ്രഖ്യാപനം.
അതേസമയം, റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഒന്നിക്കുന്നുവെന്ന ആരോപണം ജോ ബൈഡൻ തള്ളി. പോളണ്ടിലെ വാഴ്സയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ ശക്തമായ ആക്രമണം ഉണ്ടായിരുന്നിട്ടും യുക്രൈൻ ഒരു സ്വതന്ത്ര രാജ്യമായി തുടരുകയാണെന്നും അവരെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ബൈഡൻ പറഞ്ഞു. യുക്രൈനിനെതിരായ യുദ്ധം റഷ്യയ്ക്ക് ഒരിക്കലും വിജയമാകില്ലെന്നും അദ്ദേഹം പറഞ്ഞു.