പ്രധാന വാര്‍ത്തകള്‍
സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന് പാരിതോഷികം; പ്രഖ്യാപനവുമായി ഇറാനിയൻ ഫൗണ്ടേഷൻ
ഇറാൻ: സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ ഫൗണ്ടേഷൻ. 1,000 ചതുരശ്ര മീറ്റർ കൃഷി ഭൂമി നൽകുമെന്നാണ് ഫൗണ്ടേഷൻ അറിയിച്ചിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷനാണ് ടെലഗ്രാം ചാനലിലൂടെ വാർത്ത പുറത്തുവിട്ടത്.
ഖുമൈനിയുടെ ഫത്വ നടപ്പാക്കാൻ രൂപീകരിച്ച ഫൗണ്ടേഷനാണ് കൃഷിയിടം സമ്മാനമായി നൽകുന്നത്. റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും, ഒരു കൈയുടെ സ്വാധീനവും ഇല്ലാതാക്കി മുസ്ലിങ്ങളെ സന്തുഷ്ടരാക്കിയതിന് യുവ അമേരിക്കക്കാരനോട് ആത്മാർത്ഥമായി നന്ദി പറയുന്നുവെന്ന് ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സറെയ് പറഞ്ഞു.
റുഷ്ദി ഇപ്പോൾ മരിച്ചു ജീവിക്കുന്ന അവസ്ഥയിലാണ്. ഈ ധീരമായ പ്രവൃത്തിയെ ബഹുമാനിക്കുന്നതിനായി 1000 ചതുരശ്ര മീറ്റർ കാർഷിക ഭൂമി അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ കൈമാറുമെന്ന് സറെയ് പറഞ്ഞു.