നല്ലയിനം പശുക്കൾക്കായി ജില്ലയിൽ കിടാരി പാർക്ക്: മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തുജില്ലയിൽ ആദ്യത്തേത്
കാലിത്തീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് ഒരു പശു പോലും ഇനി മരണപ്പെടുകയില്ലാ എന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വാത്തികുടി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച ഇടുക്കി ജില്ലയിലെ ആദ്യത്തെ കിടാരി പാർക്ക് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷിര വികസന വകുപ്പ് കിടാരി പാർക്ക് ആരംഭിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ ക്ഷീര കർഷകർക്ക് അത്യുൽപാദന ശേഷിയുള്ള നല്ലയിനം പശുക്കളെ ജില്ലയിൽ നിന്ന് തന്നെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷീര വികസന വകുപ്പ് കിടാരി പാർക്ക് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലുള്ള ക്ഷീര കർഷകർ മികച്ച ഇനം പശുക്കളെ വാങ്ങുവാൻ ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. കിടാരി പാർക്ക് പദ്ധതി വന്നതോടെ കേരളത്തിൽ നിന്ന് തന്നെ കർഷകർക്ക് പശുക്കളെ വാങ്ങുവാൻ സാധിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒൻപത് ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ ആറ് ലക്ഷം രൂപയും ഉൾപ്പെടെ 15 ലക്ഷം രൂപയാണ് പദ്ധതി പൂർത്തി കരിക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നുംവരുന്ന കാലത്തിറ്റകൾ ഗുണമേൻമ ഉള്ളതാണെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കാലിതീറ്റ കൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കായതിന് ശേഷം മാത്രമേ അതിർത്തി കടത്തിവിടുകയയുള്ളു.
ഫാം ടൂറിസം നടത്തുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേർത്തു. പടമുഖം ക്ഷിരോത്പാദ സഹകരണ സംഘത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു അധ്യക്ഷത വഹിച്ചു. ഡയറി ഡവലപ്പ്മെന്റ് ഡിപ്പാർട്ട് മെന്റ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യൂ പദ്ധതി വിശദീകരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ , വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, വാത്തികുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സിന്ധു ജോസ് , വൈസ് പ്രസിഡന്റ് ഡിക്ലർക്ക് സി.എസ്. പടമുഖം ക്ഷീരസംഘം പ്രസിഡന്റ് ജോബി വയലിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. നിരവധി ക്ഷീര കർഷകർ ചടങ്ങിൽ സന്നിഹിതരായിരുന്നു.