കാല്‍ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയില്‍പാതയ്ക്ക് കേന്ദ്രബഡ്ജറ്റില്‍ 100കോടി വകയിരുത്തി മലയാളികളെ പറ്റിക്കുകയാണോ കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: കാല്‍ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയില്‍പാതയ്ക്ക് കേന്ദ്രബഡ്ജറ്റില്‍ 100കോടി വകയിരുത്തി മലയാളികളെ പറ്റിക്കുകയാണോ കേന്ദ്രസര്‍ക്കാര്‍.ശബരി റെയില്‍ പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയില്‍വേ ഇതുവരെ റദ്ദാക്കിയിട്ടില്ല. മരവിപ്പ് റദ്ദാക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ല. ഭൂമിയേറ്റെടുക്കലടക്കം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് അനിവാര്യമാണ്. പരിസ്ഥിതി ആഘാതപഠനമടക്കം പൂര്‍ത്തിയാക്കി ഭൂമിയേറ്റെടുക്കാന്‍ രണ്ടുവര്‍ഷമെങ്കിലും വേണമെന്നിരിക്കെ, മരവിപ്പിക്കല്‍ നീക്കാന്‍ ഉടന്‍ റെയില്‍വേയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
100കോടി വകയിരുത്തിയെന്ന് വെറുതേ പറയാമെങ്കിലും പദ്ധതി മരവിപ്പിക്കല്‍ റദ്ദാക്കിയാലേ ഗുണമുള്ളൂ. നേരത്തേ ഭൂമിയേറ്റെടുക്കലിന് അനുവദിച്ചിരുന്ന 40കോടിയോളം രൂപ റെയില്‍വേ മറ്റ് പദ്ധതികള്‍ക്കായി വകമാറ്റിയിരുന്നു. ഇതുപോലെ ഈ തുകയും വകമാറ്റാന്‍ അനായാസം റെയില്‍വേയ്ക്ക് കഴിയും. അതിനാല്‍ പദ്ധതി മരവിപ്പിച്ച ഉത്തരവ് റദ്ദാക്കാനായിരിക്കണം. സര്‍ക്കാര്‍ ഇനി സമ്മര്‍ദ്ദം ചെലുത്തേണ്ടത്.
പദ്ധതി മരവിപ്പിക്കല്‍ ഉത്തരവ് റദ്ദാക്കിയ ശേഷവും നടപടിക്രമങ്ങള്‍ ഏറെയുണ്ട്. റെയില്‍വേയുടെ പുതിയ നയങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്രവും റെയില്‍വേയും അംഗീകരിക്കണം. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും. ഭൂമി ഏറ്റെടുക്കാനും നഷ്ടപരിഹാരത്തിനുമായി 1000 കോടിയിലേറെ വേണം.
ഭൂമിവിലയുടെ 30ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാര്‍ജായി റെയില്‍വേ നല്‍കേണ്ടത് ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. റെയില്‍വേ-സംസ്ഥാന സംയുക്തകമ്ബനിയായ കെ-റെയിലിനെ നിര്‍മ്മാണമേല്‍പ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി-എരുമേലി 111കിലോമീറ്റര്‍ ശബരിപാതയില്‍ 104കിലോമീറ്റര്‍ പാതയാണ് നിര്‍മ്മിക്കേണ്ടത്.
1997ല്‍ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ റെയില്‍വേ ഇതുവരെ 264കോടി ചെലവിട്ടു. അങ്കമാലി-കാലടി 7കി.മി റെയില്‍പാതയും പെരിയാറില്‍ മേല്‍പ്പാലവുമാണ് ഇതുവരെ നിര്‍മ്മിച്ചത്. 274ഹെക്ടര്‍ ഭൂമിയാണ് ഇനി ഏറ്റെടുക്കേണ്ടത്. അഞ്ഞൂറോളം കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. അങ്കമാലി ഒഴികെ 14സ്റ്റേഷനുകള്‍ നിര്‍മ്മിക്കണം.
13 കിലോമീറ്റര്‍ ടണലുകളിലൂടെയാണ്. തുരങ്കങ്ങളില്‍ ചല്ലി പാകിയ സാധാരണ ട്രാക്ക് പാടില്ലെന്നും മെട്രോ ട്രാക്കുകള്‍ പോലെ കോണ്‍ക്രീറ്റ് ട്രാക്ക് വേണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ടണലുകളില്‍ ആശയവിനിമയത്തിന് ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കണം. വയര്‍ലെസ് സിഗ്നല്‍ സംവിധാനങ്ങളും വേണം. ഇതെല്ലാം ചേര്‍ത്താണ് എസ്റ്റിമേറ്റ് പുതുക്കിയത്.
അങ്കമാലി, കാലടി, പെരുമ്ബാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലാമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകളാണ് ശബരിപാതയിലുള്ളത്. പദ്ധതി വരുന്നതോടെ മലയോര ജില്ലകളില്‍ വികസനത്തിന്റെ ചൂളംവിളിയാവും ഉയരുക. മലയോര ജില്ലകളില്‍ ട്രെയിന്‍ യാത്രാസൗകര്യമൊരുങ്ങുന്നതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ വികസിക്കും. ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും ഗുണകരമായിരിക്കും.പാത പുനലൂര്‍ വരെ നീട്ടിയാല്‍ തമിഴ്നാട്ടിലേക്ക് കണക്ടിവിറ്റിയുമായി. ഭാവിയില്‍ പുനലൂര്‍- തിരുവനന്തപുരം പാതയ്ക്കും സാദ്ധ്യതയുണ്ട്. ശബരിപാത വരുന്നതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടി ശബരി സ്പെഷലുകള്‍ ഓടിക്കാം. ഇതോടെ ചെങ്ങന്നൂര്‍, കായംകുളം, കോട്ടയം, കൊല്ലം സ്റ്റേഷനുകളിലെ തിരക്ക് കുറയും.
പാത നിര്‍മ്മാണം കെ-റെയിലിനെ ഏല്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. റെയില്‍വേ ചെയ്യുന്നതിലും 20% ചെലവു കുറച്ച് എന്‍ജിനിയറിംഗ് പ്രൊക്യുര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) രീതിയില്‍ ശബരിപാത നിര്‍മ്മിക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
10കിലോമീറ്ററിലെ പണികള്‍ പല കരാറുകാരെ ഏല്‍പ്പിക്കുന്ന റെയില്‍വേ രീതിക്ക് പകരം, ആഗോള ടെന്‍ഡറിലൂടെ ഒറ്റഏജന്‍സിക്ക് നല്‍കി ചെലവ് കുറയ്ക്കും. ഡിസൈനും നിര്‍മ്മാണവും കരാറുകാരുടെ ചുമതലയാവും. സമയത്ത് പണി തീര്‍ന്നില്ലെങ്കില്‍ പിഴയൊടുക്കണം. 4 വര്‍ഷത്തിനകം പണിതീര്‍ക്കാമെന്നുമാണ് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ വാഗ്ദാനം.